ദില്ലി: വരവ്-ചിലവ് കണക്കുകള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാത്ത ഒന്‍പത് ലക്ഷത്തോളം കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ പറഞ്ഞു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് വര്‍ഷാവര്‍ഷം സമര്‍പ്പിക്കേണ്ട റിട്ടേണ്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഇത്തരം കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാന ആശ്രയമാകുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതുവരെ മൂന്ന് ലക്ഷത്തോളം കമ്പനികള്‍ക്ക് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്. മറ്റ് കമ്പനികളില്‍ നിന്ന് വിശദീകരണം ചോദിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ആകെ 15 ലക്ഷത്തോളം കമ്പനികളാണ് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആറ് ലക്ഷം കമ്പനികള്‍ കൃത്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ട്. ശേഷിക്കുന്ന കമ്പനികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് വെല്ലുവിളിയാണെന്ന് ഹഷ്മുഖ് അദിയ പറഞ്ഞു. റിട്ടേണ്‍ സമര്‍പ്പിക്കുന്ന കമ്പനികളില്‍ തന്നെ പകുതിയും വരുമാനമൊന്നും ഇല്ലെന്ന വിവരമാണ് അറിയിക്കുന്നത്. റിട്ടേണ്‍ നല്‍കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാനാണ് തീരുമാനം. രേഖകളില്‍ മാത്രം നിലനില്‍ക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി ഇവയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് പോലുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളും. റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്ക് നിയമപരമായിത്തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവകാശം നഷ്ടപ്പെടും. 

റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ എല്ലാം പ്രവര്‍ത്തനം നിലച്ച് ഒരുവിധത്തിലുള്ള സാമ്പത്തിക ഇടപാടുകളും നടത്താത്തവയാണെന്ന് വിശ്വസിക്കാനാവില്ല. ഇവയില്‍ പലതും കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നവയാവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍.