ദില്ലി: ഡ്രൈവിങ് ലൈസന്‍സ് എടുക്കാനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കാനും അധികം വൈകാതെ ആധാര്‍ നിര്‍ബന്ധമാക്കും. ഒന്നിലധികം ഡ്രൈവിങ് ലൈന്‍സുകള്‍ ഒരാള്‍ കൈവശം വെയ്ക്കുന്നത് തടയാനും മറ്റ് ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുമാണ് നടപടി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

ഗതാഗത നിയമലംഘനങ്ങള്‍ക്കോ മറ്റ് ക്രിമിനല്‍ കുറ്റങ്ങളുടെയോ പേരില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ വീണ്ടും ലൈസന്‍സുകള്‍ എടുക്കുന്നതും മറ്റ് സംസ്ഥാനങ്ങളിലെ ലൈസന്‍സ് ഉപയോഗിക്കുന്നതും പരിശോധിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ തന്നെ ആധാറുമായി ബന്ധിക്കപ്പെട്ട ലൈസന്‍സുകള്‍ വിതരണം ചെയ്ത് തുടങ്ങാനാവുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ ഒന്നിലധികം ലൈസന്‍സുകള്‍ സ്വന്തമാക്കാന്‍ വലിയ പ്രയാസമില്ലെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ലൈസന്‍സുകള്‍ വ്യാജമായി നിര്‍മ്മിച്ച് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ആധാര്‍ വഴി ഇവ ബന്ധിക്കപ്പെടുമ്പോള്‍ എല്ലാ വിവരങ്ങളും പരിശോധിക്കാന്‍ കഴിയും.