ദില്ലി: മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമല്ല ആധാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. കേന്ദ്ര സര്‍ക്കാറിന്റെ 17 സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ന്യായീകരിച്ച് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നല്‍കിയിരിക്കുന്ന സമയപരിധിയായ ജൂണ്‍ 30 കഴിഞ്ഞാലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 

ആധാര്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ശാന്ത സിന്‍ഹയും കല്യാണി സെന്‍ മേനോനും നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന് മാത്രമേ ഹര്‍ജി പരിഗണിക്കാനാകൂ. ആദായ നികുതി നിയമം അടക്കമുള്ള വിവിധ നിയമങ്ങള്‍ ആധാര്‍ അനുശാസിക്കുന്നുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയത്തിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് വിധി പറയും.