ദില്ലി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ, ആധാര്‍ ബന്ധിതമായത് 23 കോടി പാന്‍ കാര്‍ഡുകള്‍ മാത്രം. ഇനി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുളളത് 19 കോടി പാന്‍ കാര്‍ഡുകളാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.

ആകെ 42 കോടി പാന്‍ നമ്പരുകളാണ് രാജ്യത്ത് നിലവിലുളളത്. ആധാറും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുളളതാണ്. 

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ സമയപരിധി തീരുന്നതോടെ റദ്ദാക്കാനാണ് നികുതി വകുപ്പ് ആലോചിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ പാന്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാനും ഈ നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.