കോഴിക്കോട്: ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എസ് അച്ചുദേവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദൈഹം പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടായ കോഴിക്കോട്ടെ പന്തീരാങ്കാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

പരിശീലനപ്പറക്കലിനിടെ അരുണാചല്‍ അതിര്ത്തിയിലെ കൊടും വനത്തില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നാണ് ഫ്‌ളൈറ്റ് ലഫ്റ്റനന്റ് എസ് അച്ചുദേവ് മരിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ഇന്ന് 11മണിയോടെ ജന്മനാടായ കോഴിക്കോട്ടെ പന്തീരങ്കാവ് പന്നിയൂര്‍കുളത്തെ വീട്ടില് കൊണ്ടുവന്നു.

പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയടക്കമുള്ള നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ശവസംസ്‌കാരം. കോയമ്പത്തൂര്‍ സൈനിക ആസ്ഥാനത്ത് നിന്നെത്തിവരാണ് സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്ത്വം നല്‍കിയത്.