രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പ്പാദകരാണ് രുചി സോയ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പ്പാദകരായ രുചി സോയയെ ഏറ്റെടുക്കാന്‍ ബാബാ രാംദേവിന്റെ പതഞ്ജലിയും അദാനി ഗ്രൂപ്പും തമ്മില്‍ മത്സരം മുറുകുന്നു. അദാനി ഗ്രൂപ്പ് നല്‍കുന്നതിനെക്കാള്‍ 30 ശതമാനം ഉയര്‍ന്ന തുകയാണ് പതഞ്ജലിയുടെ ഓഫര്‍. ഇത് ഏകദേശം 3,300 കോടി രൂപയുടെ അടുത്ത് വരും. 

എഫ്എംസിജി വിപണിയില്‍ വലിയ വളര്‍ച്ചയാണ് പതഞ്ജലി നേടിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ ഉല്‍പ്പാദന മേഖലയില്‍ രുചി സോയയെ ഏറ്റെടുക്കുന്നതിലൂടെ പതഞ്ജലിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താനാവും. 

ബാബാ രാം ദേവിന്റെ പ്രതിനിധികള്‍ രുചി സോയയുടെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിനെ (സിഒസി) സന്നര്‍ശിച്ചാണ് ഉയര്‍ന്ന തുക ഓഫര്‍ ചെയ്തതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ തന്നെ പതഞ്ജലിക്ക് രുചി സോയയുമായി ബിസിനസ് സംഖ്യമുണ്ട്. ന്യൂട്രെല്ല, സണ്‍റിച്ച്, രുചി സ്റ്റാര്‍ തുടങ്ങി അനവധി ഉല്‍പ്പന്നങ്ങളുടെ നിര രുചിക്കുണ്ട്. വില്‍മാര്‍, ഇമാമി അഗ്രോടെക്ക്, ഗോദറേജ് അഗ്രോവെറ്റ തുടങ്ങിയവരും രുചിയെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.