എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന വാങ്ങാന്‍ ആളില്ല

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വാങ്ങാന്‍ ആളില്ല. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ലേലത്തില്‍ ആരും പങ്കെടുത്തില്ല. ഓഹരി വിറ്റഴിക്കാനുള്ള പുതിയ മാര്‍ഗം തേടാന്‍ കേന്ദ്രധനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഉടന്‍ ചേരും.

48,781 കോടി രൂപയുടെ കടന്പാധ്യതയുള്ള എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിസന്ധിയിലായത്. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി അവസാനിച്ചു. എന്നാല്‍ രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളൊന്നും ഓഹരി വാങ്ങാന്‍ രംഗത്തെത്തിയില്ല. കുറഞ്ഞത് 2,500 അന്താരാഷ്ട്ര സര്‍വ്വീസുകളും 3700 ആഭ്യന്തര സര്‍വ്വീസുകളും നടത്തിയ കന്പനികള്‍ക്കായിരുന്നു ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം.

ഇരുപത്തിനാല് ശതമാനം ഓഹരി സരക്കാര്‍ കൈവശം വയ്ക്കുകയും എയര്‍ഇന്ത്യയുടെ പ്രവര്‍ത്തന അനുമതി പൂര്‍ണ്ണമായും വിട്ടു കൊടുക്കുന്ന രീതിയിലായിരുന്നു ഓഹരി വില്‍പന. സ്വന്തം പേരിലുള്ള മറ്റ് സര്‍വ്വീസുകളുടെ ഭാഗമാക്കി എയര്‍ ഇന്ത്യയെ മാറ്റരുതെന്നും പ്രത്യേക സര്‍വ്വീസാക്കി പ്രവര്‍ത്തിപ്പിക്കണം എന്നതുമായിരുന്നു മറ്റൊരു നിര്‍ദേശം. ജീവനക്കാരെ എയര്‍ ഇന്ത്യയുടെ സര്‍വ്വീസില്‍ തന്നെ നിലനിര്‍ത്തണമെന്നും നിബന്ധന ഉണ്ടായിരുന്നു.ജെറ്റ് എയര്‍വേഴ്സും ടാറ്റയുമാണ് ഓഹരി വാങ്ങാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങല്‍ സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ വിമാനകന്പനികള്‍.ഇതോടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പുതിയ ലേലത്തിന് കന്പനികളെ വീണ്ടും ക്ഷണിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.