എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ. 52,000 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ ആരെങ്കിലും വാങ്ങുമോയെന്ന് സംശയമാണെന്നും കമ്പനി വില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ തന്നെ ഈ കട ബാധ്യത പൂര്‍ണ്ണമായോ ഭാഗികമായോ എഴുതിത്തള്ളുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കുതിക്കുന്ന എയര്‍ ഇന്ത്യ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.വിപണിയില്‍ കടുത്ത മത്സരവും കമ്പനി നേരിടുന്നു. ഇത്തരമൊരു പൊതുമേഖലാ കമ്പനിയെ പൂര്‍ണ്ണമായും സ്വകാര്യ വത്കരിക്കണമോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. ആഭ്യന്തര കമ്പനികള്‍ക്ക് മാത്രമാണോ അതോ രാജ്യാന്തര തലത്തില്‍ വാങ്ങാന്‍ സന്നദ്ധതയുള്ളവരെ പരിഗണിക്കുമോ എന്ന കാര്യവും സര്‍ക്കാര്‍ തീരുമാനിക്കണം. വില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ പോലും ദേശീയ വിമാനക്കമ്പനിയെന്ന നിലയില്‍ ചെറിയൊരുശതമാനം ഓഹരിയെങ്കിലും സര്‍ക്കാര്‍ കൈവശം വെയ്ക്കണമെന്നും അരവിന്ദ് പനഗരിയ പറഞ്ഞു.

52,000 കോടി രൂപയുടെ കടം അത്ര നിസ്സാരമല്ല. ഇത്രയും വലിയ ബാധ്യതയോടെ ആരെങ്കിലും കമ്പനി ഏറ്റെടുക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. അതുകൊണ്ട് തന്നെ കടം പൂര്‍ണ്ണമായോ ഭാഗികമായോ എഴുതിത്തള്ളുന്ന കാര്യം സര്‍ക്കാറിന് പരിഗണിക്കേണ്ടി വരും. കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ നീതി ആയോഗ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണെനന്നും അദ്ദേഹം പറഞ്ഞു.