ദില്ലി: അഭ്യന്തര വ്യോമയാന മേഖലയില്‍ വന്‍വളര്‍ച്ച. പോയ വര്‍ഷം രാജ്യത്തിനകത്ത് വ്യോമയാത്ര ചെയ്തത് 11.71 കോടി പേരാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

2011-ല്‍ 5.98 കോടി ആളുകള്‍ സഞ്ചരിച്ച സ്ഥാനത്താണ് ആറ് വര്‍ഷം കൊണ്ട് യാത്രക്കാര്‍ ഇരട്ടിയായത്. 2016-ല്‍ 9.98 കോടി പേരായിരുന്നു യാത്ര ചെയ്തത്. അതാണ് 18 ശതമാനം വളര്‍ച്ചയോടെ 11.71 കോടിയായി ഉയര്‍ന്നത്. 

ഡിജിസിഎയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മണിക്കൂറില്‍ ശരാശരി നൂറ് വിമാനങ്ങളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും പറന്നുയരുന്നത്. ആറ് വര്‍ഷം മുന്‍പ് ഇത് മണിക്കൂറില്‍ 67 വിമാനങ്ങളായിരുന്നു. രാജ്യത്തെ പ്രമുഖ എയര്‍ലൈനുകളില്‍ നടത്തിയ സര്‍വ്വീസുകളില്‍ 86 ശതമാനവും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരേയും വഹിച്ചാണ്. 2011-ല്‍ 75 ശതമാനം സര്‍വ്വീസുകള്‍ മാത്രമാണ് ഇങ്ങനെ ഹൗസ്ഫുള്ളായി നടന്നത്.