ദില്ലി: സ്കൂള്‍ അവധിക്കാലത്ത് കുതിച്ചുയര്‍ന്ന ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ കമ്പനികള്‍ കുറവ് വരുത്തിത്തുടങ്ങി. ഈ മാസം അവസാനത്തോടെ യാത്രക്കാരുടെ തിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ആകര്‍ഷകമായ ഓഫറുകളുമായി കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്.
മണ്‍സൂണ്‍ സ്പെഷ്യല്‍ ഓഫറെന്ന പേരില്‍ മൂന്ന് ദിവസത്തെ പ്രത്യേക ഡിസ്‍കൗണ്ട് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. വേനലവധിക്കാലത്ത് ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചതെന്ന് കമ്പനി അറിയിച്ചു. നാളെ വരെയാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നത്. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നികുതിയും മറ്റ് നിരക്കുകളും സഹിതം 899 രൂപയ്ക്കാണ് ഇന്‍ഡിഗോ ടിക്കറ്റുകള്‍ നല്‍കുന്നത്. ഇതിന് പുറമേ മറ്റ് ദീര്‍ഘദൂര സെക്ടറുകളിലും നാലിലൊന്ന് നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. യാത്ര ചെയ്യുന്ന അതേ ആഴ്ചയോ തൊട്ട് മുമ്പുള്ള ആഴ്ചയോ ബുക്ക് ചെയ്താല്‍ ഉയര്‍ന്ന നിരക്ക് തന്നെ നല്‍കേണ്ടി വരും. എന്നാല്‍ നേരത്തേയുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഇളവും ലഭിക്കും. പൊതുവെ തിരക്ക് കുറഞ്ഞ ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ ലഭിക്കാനാണ് സാധ്യത. ഗോ എയര്‍, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ കമ്പനികളും സമാനമായ ഇളവുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
