റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ടെലികോം മേഖലയില്‍ തുടങ്ങിയ ഏറ്റെടുക്കല്‍ വിപ്ലവം തുടരുകയാണ്. രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള എയര്‍ടെല്‍, മുംബൈ ആസ്ഥാനമായുള്ള ടിക്കോണ ഡിജിറ്റല്‍ നെറ്റ്‍വര്‍ക്ക്‌സിനെ ഏറ്റെടുക്കുന്നതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. 4ജി സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടിക്കോണയുടെ 4ജി ബിസിനസ് എയര്‍ടെല്‍ ഏറ്റെടുക്കുന്നത്. 4ജിക്ക് ഒപ്പം ഇപ്പോള്‍ 250 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്റ്, വയര്‍ലെസ് സേവനങ്ങളും എയര്‍ടെല്‍ ഏറ്റെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. ആദ്യഘട്ടമായി 1000 കോടി രൂപ എയര്‍ടെല്‍, ടിക്കോണയ്‌ക്ക് നല്‍കും. ഇതിന് പിന്നാലെ ടിക്കോണയുടെ സാമ്പത്തിക ബാധ്യതകള്‍ എയര്‍ടെല്‍ ഏറ്റെടുക്കും. ഇതും കൂടി കണക്കാക്കുമ്പോള്‍ ആകെ ഇടപാട് തുക 1600 കോടിയായി ഉയരുമെന്നാണ് സൂചന
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള ടിക്കോണയുടെ സര്‍വ്വീസ് എയര്‍ടെല്ലിന്റെ ഉപവിഭാഗമായ ഭാരതി ഹെക്സോകോമിന് കീഴിലാവും. 2010ലാണ് ടിക്കോണ 1058 കോടിക്ക് 4ജി സ്പെക്ട്രം ലൈസന്‍സ് സ്വന്തമാക്കിയത്. നോര്‍വീജിയന്‍ കമ്പനിയായ ടെലിനോറിനെ ഒരുമാസം മുമ്പ് എയര്‍ടെല്‍ ഏറ്റെടുത്തിരുന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിക്കാന്‍ രണ്ട് ദിവസം മുമ്പ് ധാരണയായിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുടെ എണ്ണം നാലായി ചുരുങ്ങും.
