ലയനത്തിന് ശേഷം രാജ്യത്തെ അഞ്ച് സര്‍ക്കിളുകളിലെങ്കിലും ഐഡിയ-വോഡഫോണ്‍ സഖ്യത്തിന് തങ്ങളുടെ മാര്‍ക്കറ്റ് വിഹിതം കുറയ്ക്കേണ്ടി വരും. കേരളം ഉള്‍പ്പെടുന്ന ഈ സര്‍ക്കിളുകളില്‍ ഉപഭോക്താക്കള്‍ക്ക് പുറത്തുപോകേണ്ടി വന്നാല്‍ അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എയര്‍ടെല്ലിനെയാവും. നിലവില്‍ ഉപഭോക്താക്കളുടെ എണ്ണം കണക്കാക്കുമ്പോള്‍ എയര്‍ടെല്ലാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. വോഡഫോണ്‍ രണ്ടാം സ്ഥാനത്തും ഐഡിയ മൂന്നാമതുമാണ്. ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നാം സ്ഥാനം എയര്‍ടെല്ലിന് നഷ്ടമാകും. എന്നാല്‍ ഐഡിയ-വോഡഫോണ്‍ ലയനത്തെക്കുറിച്ച് ഔദ്ദ്യോഗികമായ ഒരു പ്രതികരണത്തിനും ഇതുവരെ എയര്‍ടെല്‍ തയ്യാറായിട്ടില്ല.

നിലവിലെ ടെലികോം നിയമപ്രകാരം ഒരു കമ്പനിക്ക് ഓരോ സര്‍ക്കിളുകളിലും 800 മെഗാഹെര്‍ട്സ് ഒഴികെയുള്ള ഓരോ ബാന്റുകളിലും പരമാവധി 50 ശതമാനത്തില്‍ താഴെ വരുമാനവും ഉപഭോക്താക്കളും സ്പെക്ട്രം വിഹിതവും മാത്രമേ കൈവശം വെയ്ക്കാന്‍ കഴിയുകയുള്ളൂ. ഗുജറാത്ത്, ഹരിയാന, കേരളം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഐഡിയ-വോഡഫോണ്‍ എന്നിവയുടെ വരുമാനം ഒരുമിച്ച് കണക്കാക്കുമ്പോള്‍ 50 ശതമാനത്തിലധികമാവും. ഇത് കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമാവുമ്പോള്‍ എയര്‍ടെല്ലിന് മുതലെടുക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. 2016 ഒക്ടോബറിലെ കണക്ക് പ്രകാരം ഐഡിയക്ക് 180.3 മില്യനും വോഡഫോണിന് 383.2 മില്യനും ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. 262.3 മില്യനാണ് എയര്‍ടെല്ലിനുള്ളത്. ആകെ മാര്‍ക്കറ്റ് വിഹിതം കണക്കാക്കുമ്പോള്‍ ഐഡിയ-വോഡഫോണ്‍ ലയന ശേഷം 35.4 ശതമാനവും അവര്‍ക്ക് തന്നെയാവും. എയര്‍ടെല്ലിന് 24.3 ശതമാനമായി മാറും മാര്‍ക്കറ്റ് വിഹിതം. ഇതിനിടയില്‍ ജിയോ ഉണ്ടാക്കുന്ന ചലനം എന്തായിരിക്കുമെന്നതും നിര്‍ണ്ണായകമാണ്.