രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ നാളെയാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. മറ്റന്നാളാണ് കേന്ദ്രബജറ്റ്. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലി ചികിത്സയ്ക്ക് പോയതിനാൽ ഊർജമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റവതരിപ്പിക്കുക.

ദില്ലി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ചേരുകയാണ്. ലോക്‍സഭാ സ്പീക്കർ സുമിത്രാമഹാജനാണ് സർവകക്ഷിയോഗത്തിന് അധ്യക്ഷത വഹിക്കുന്നത്. പതിനാറാം ലോക്സഭയുടെ അവസാനസമ്മേളനത്തിന്‍റെ നടത്തിപ്പ് സുഗമമായി നടത്താൻ സഹകരിക്കണമെന്ന് സ്പീക്കർ അംഗങ്ങളോട് അഭ്യർഥിച്ചു.

Scroll to load tweet…

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ നാളെയാണ് പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഫെബ്രുവരി 1-ന് ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റ് തന്നെയായിരിക്കും അവതരിപ്പിക്കുക കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. റഫാൽ, സിഎജി റിപ്പോർട്ടുകളും ഈ സമ്മേളനകാലത്ത് പാര്‍ലമെന്‍റിൽ എത്തിയേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റിലൂടെ പ്രതിപക്ഷത്തിന്‍റെ ആക്രമണങ്ങൾക്ക് മറുപടി നൽകാനാകും നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ശ്രമം. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും. കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനും കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളാനും ഉള്ള പ്രഖ്യാപനങ്ങൾ, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ, സാധാരണക്കാരെ ആകര്‍ഷിക്കാൻ ആദായനികുതി പരിധിയിലെ വര്‍ദ്ധന തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.

ആദായനികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 13 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ റഫാൽ യുദ്ധവിമാനഇടപാടിനെ കുറിച്ചുളള സിഎജി റിപ്പോര്‍ട്ടും എത്തുന്നുണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സമ്മേളനം സര്‍ക്കാരിനെ ആക്രമിക്കാനുള്ള വലിയ അവസരമായി പ്രതിപക്ഷവും ഉപയോഗിക്കും. ഇതോടെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമായി അവസാനിക്കാൻ തന്നെയാണ് സാധ്യത.