ബജറ്റിന്‍റെ അച്ചടിച്ച കോപ്പികൾ കർശനമായ പരിശോധനകൾക്ക് ശേഷം പാർലമെന്‍റിൽ എത്തിച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗ്. ബജറ്റ് ചോർന്നെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി.

ദില്ലി: കേന്ദ്രബജറ്റിന് മുമ്പേ ബജറ്റ് ഉള്ളടക്കം ചോർന്നെന്ന ആരോപണവുമായി കോൺഗ്രസ്. ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയർത്തും, ഭവനവായ്പയുടെ ആദായ നികുതി ആനുകൂല്യം രണ്ടര ലക്ഷമാക്കും തുടങ്ങിയ വിവരങ്ങൾ സർക്കാർ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. 

Scroll to load tweet…

രാവിലെ തീൻമൂർത്തി ഭവനിലെ വീട്ടിൽ നിന്നിറങ്ങി നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തിയ പിയൂഷ് ഗോയൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ബജറ്റിന് അംഗീകാരം തേടിയത്. 

സാധാരണ നിലയിൽ ചില രേഖകൾ ബജറ്റിന് മുമ്പായി പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വയ്ക്കാറുണ്ട്. എന്നാൽ ഇക്കുറി ബജറ്റ് അവതരണം മാത്രമാണ് അജണ്ട. 

ബജറ്റിന്‍റെ അച്ചടിച്ച കോപ്പികൾ കർശനമായ പരിശോധനകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെ പാർലമെന്‍റിൽ എത്തിച്ചു. സീലുവച്ച ചാക്കുകളിലാണ് സൈന്യം ബജറ്റ് കോപ്പികൾ എത്തിച്ചത്. പാർലമെന്‍റ് അംഗങ്ങൾക്ക് ബജറ്റ് കോപ്പികൾ വിതരണം ചെയ്തു. എന്നാൽ മാധ്യമപ്രവർത്തകർക്ക് ഇത്തവണ ബജറ്റിന്‍റെ അച്ചടിച്ച കോപ്പികൾ കൊടുക്കില്ല. വെബ്സൈറ്റിലൂടെയാകും പാർലമെന്‍റ് അംഗങ്ങളല്ലാത്തവർക്ക് ബജറ്റ് ലഭ്യമാക്കുക. പേപ്പർ ഉപയോഗം കുറയ്ക്കുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമായാണ് ഇത്.

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗ് പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാർഷിക മേഖലയ്ക്കൊപ്പം മധ്യവർഗ്ഗത്തെക്കൂടി ലക്ഷ്യം വയ്ക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങളുള്ള ബജറ്റാണ് പിയൂഷ് ഗോയലിന്റേത്.