ഇന്ത്യയില്‍ വിമാനം പറത്തുന്നത് ലാഭകരമായ ഒരു ഏര്‍പ്പാടല്ല. കിങ്ഫിഷര്‍ മുതല്‍ ജെറ്റ് എയര്‍വേയ്സ് വരെയും, എയര്‍ ഡെക്കാന്‍ മുതല്‍ ഏറ്റവും ഒടുവില്‍ ഗോ ഫസ്റ്റ് വരെയും തകര്‍ന്നു വീണത് ഈ യാഥാര്‍ത്ഥ്യത്തിന് മുന്നിലാണ്.
ആകാശയാത്രകള്‍ ഇന്ന് സാധാരണക്കാര്‍ക്കും അപ്രാപ്യമല്ല. വിമാനത്താവളങ്ങളില്‍ തിരക്കോടു തിരക്ക്. പുതിയ വിമാനങ്ങള്‍ക്കായി കമ്പനികള്‍ ഓര്‍ഡര്‍ നല്‍കുന്നത് തുടരുന്നു. എന്നാല്‍ ഈ തിളക്കത്തിനിടയിലും കാണാതെ പോകുന്നൊരു സത്യമുണ്ട്- ഇന്ത്യയില്‍ വിമാനം പറത്തുന്നത് ലാഭകരമായ ഒരു ഏര്‍പ്പാടല്ല. കിങ്ഫിഷര്‍ മുതല്‍ ജെറ്റ് എയര്‍വേയ്സ് വരെയും, എയര്‍ ഡെക്കാന്‍ മുതല്‍ ഏറ്റവും ഒടുവില്‍ ഗോ ഫസ്റ്റ് വരെയും തകര്‍ന്നു വീണത് ഈ യാഥാര്‍ത്ഥ്യത്തിന് മുന്നിലാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ആകാശം വിമാനക്കമ്പനികള്‍ക്ക് ഇത്ര കഠിനമാകുന്നത്?
'സൂരരൈ പോട്രു' സിനിമയല്ല, കടുത്ത യാഥാര്‍ത്ഥ്യം
സൂര്യ നായകനായ 'സൂരരൈ പോട്രു' എന്ന സിനിമയില്‍ ഇന്ത്യയില്‍ ഒരു വിമാനക്കമ്പനി തുടങ്ങാനുള്ള കഷ്ടപ്പാടുകള്‍ നമ്മള്‍ കണ്ടു. എന്നാല്‍ അതിനേക്കാള്‍ കഠിനമാണ് തുടങ്ങിയ കമ്പനിയെ നിലനിര്‍ത്തുക എന്നത്. ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് കമ്പനികളാണ് പൂട്ടിക്കെട്ടിയത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോഴും കമ്പനികള്‍ക്ക് പണം തികയുന്നില്ല.
1. ട്രെയിന്‍ ടിക്കറ്റ് നിരക്കിലെ വിമാനം; ലാഭം 'നൂല്‍പാലത്തില്‍'
ഇന്ത്യന്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് ടിക്കറ്റ് നിരക്കാണ് . പത്തു രൂപ കുറഞ്ഞാല്‍ യാത്രക്കാര്‍ അങ്ങോട്ട് മാറും. കുറഞ്ഞ ദൂരങ്ങളിലേക്ക് ഇന്നും ആളുകള്‍ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. അവരെ വിമാനത്തിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ നിരക്ക് കുറയ്ക്കണം. സീറ്റുകളെല്ലാം നിറഞ്ഞാലും വിമാനക്കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭം വളരെ കുറവാണ്. വന്‍തോതിലുള്ള ചിലവുകള്‍ കഴിഞ്ഞ് മിച്ചം പിടിക്കാന്‍ ഇവര്‍ക്ക് നന്നേ പാടുപെടേണ്ടി വരുന്നു.
2. കത്തുന്ന ഇന്ധനവില, തളര്‍ത്തുന്ന നികുതി
ഒരു വിമാനക്കമ്പനിയുടെ ചിലവിന്റെ 40 ശതമാനവും വിമാന ഇന്ധനത്തിനാണ് . ഇന്ത്യയില്‍ വിമാന ഇന്ധനത്തിന് മേല്‍ ചുമത്തുന്ന നികുതി ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ഇന്ധനവില ജിഎസ്ടി പരിധിയില്‍ വരാത്തതിനാല്‍ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി കമ്പനികള്‍ക്ക് വലിയ ഭാരമാകുന്നു.
3. വരുമാനം രൂപയില്‍, ചിലവ് ഡോളറില്‍
ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. വിമാനങ്ങള്‍ വാടകയ്ക്കെടുക്കുന്നതും , അറ്റകുറ്റപ്പണികളും , ഇന്‍ഷുറന്‍സും എല്ലാം നല്‍കേണ്ടത് ഡോളറിലാണ്. എന്നാല്‍ യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കായി ലഭിക്കുന്നത് രൂപയും. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ കമ്പനികളുടെ ചിലവ് കുത്തനെ കൂടുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ കുറവുള്ള കമ്പനികളെയാണ് ഇത് സാരമായി ബാധിക്കുന്നത്.
4. വിപണിയിലെ 'കുത്തക' ഭീഷണി
നിലവില്‍ ഇന്ത്യന്‍ വിപണിയുടെ 60 ശതമാനത്തിലധികം ഒരു കമ്പനിയുടെ മാത്രം കയ്യിലാണ്. ഒന്നോ രണ്ടോ വലിയ കമ്പനികള്‍ മാത്രം വിപണി ഭരിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട കമ്പനികള്‍ക്ക് ഇത്തരം വമ്പന്മാരോട് മത്സരിച്ച് നിലനില്‍ക്കാനാകാതെ വരുന്നു.
5. പുതിയ നിയമങ്ങള്‍ നല്‍കുന്ന പ്രതീക്ഷ
വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് കമ്പനികള്‍ തകര്‍ന്നാല്‍ വിമാനം തിരികെ കിട്ടാന്‍ നേരത്തെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ 'പ്രാെട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഇന്‍ എയര്‍ക്രാഫ്റ്റ് ഒബ്ജക്റ്റ്‌സ് ആക്ട് 2025' എന്ന പുതിയ നിയമം വഴി ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കരുതുന്നു. ഇത് കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനങ്ങള്‍ വാടകയ്ക്ക് ലഭിക്കാന്‍ സഹായിക്കും.
ഇന്ത്യന്‍ വ്യോമയാനം: ഒരു നോട്ടത്തില്‍
യാത്രക്കാര്‍: വര്‍ഷം 20 കോടിയിലധികം പേര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നു.
പുതിയ വിമാനങ്ങള്‍: 1,900 വിമാനങ്ങള്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.
പ്രതിസന്ധികള്‍: പൈലറ്റുമാരുടെയും എഞ്ചിനീയര്‍മാരുടെയും കുറവ്, വിമാനത്താവളങ്ങളിലെ തിരക്ക് .
ചുരുക്കത്തില്‍ റണ്‍വേകളും വിമാനത്താവളങ്ങളും നിറഞ്ഞതുകൊണ്ട് മാത്രം ഒരു വിമാനക്കമ്പനി രക്ഷപെടില്ല. ഇന്ധന നികുതി കുറയ്ക്കുകയും, ഡോളറുമായുള്ള വിനിമയത്തിലെ ആഘാതം കുറയ്ക്കുകയും ചെയ്താലേ ഇന്ത്യന്‍ കമ്പനികള്‍ക്ക് രക്ഷയുള്ളൂ..


