വിശപ്പില്ലായ്മയും, കഴിച്ച ഭക്ഷണം ദഹിക്കാതെ വരികയും ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയാണ്.  ഈ അവസ്ഥയെ അതിജീവിക്കാന്‍ സഹായിക്കുന്ന ഔഷധമാണ് അഷ്ടചൂര്‍ണം.  

അഗ്നിബലമുള്ളവന്‍ ആരോഗ്യവാന്‍ എന്നത് ആയുര്‍വേദത്തിന്റെ അടയാളവാക്യങ്ങളില്‍ ഒന്നാണ്. വിശപ്പും ആഹാരവും ദഹനവും മറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നു മനുഷ്യന്റെ ആരോഗ്യം. ഭക്ഷണത്തെയും ദഹനത്തെയും ബന്ധപ്പെടുത്തി ഓരോരുത്തരുടേയും ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ആയുര്‍വേദം മുന്നോട്ട് വെയ്ക്കുന്ന ഔഷധമാണ് അഷ്ടചൂര്‍ണം.

വിശപ്പില്ലായ്മയും കഴിച്ച ഭക്ഷണം ദഹിക്കാതെ വരികയും ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയാണ്. ഈ അവസ്ഥയെ അതിജീവിക്കാന്‍ സഹായിക്കുന്ന ഔഷധമാണ് അഷ്ടചൂര്‍ണം. വിശപ്പുണ്ടാക്കുകയും ഭക്ഷണത്തെ ദഹിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഔഷധദ്രവ്യങ്ങള്‍ ചേര്‍ത്താണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്.

കായമാണ് പ്രധാന മരുന്നുകളിലൊന്ന്. ഇതോടൊപ്പം ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിഞ്ചീരകം എന്നിങ്ങനെ എട്ട് മരുന്നുകളാണ് ആകെയുള്ളത്. ഹിംഗ്വാഷ്ടകചൂര്‍ണം എന്നൊരു പേര് കൂടി ഈ മരുന്നിനുണ്ട്.

ദ്രവ്യങ്ങളെല്ലാം കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ശേഷം പൊടിച്ചെടുത്താണ് മരുന്ന് നിര്‍മിക്കുന്നത്. ഇവ അരിച്ചെടുത്ത് ശാസ്ത്രീയമായി പായ്ക്ക് ചെയ്ത് വിപണിയിലേക്കെത്തുന്നു.

ഊണ് കഴിക്കുമ്പോള്‍ ആദ്യത്തെ ഉരുള അഷ്ടചൂര്‍ണവും നെയ്യും ചേര്‍ത്ത് ഉരുട്ടി സ്വാദറിഞ്ഞ് സാവധാനത്തില്‍ കഴിക്കണമെന്നാണ് വിധി. ഉമിനീര്‍ മുതലുള്ള എല്ലാ ദഹനരസങ്ങളേയും ഉദ്ദീപിപ്പിച്ച് ഭക്ഷണം ആസ്വാദ്യകരമായ അനുഭവമാക്കുവാന്‍ അഷ്ടചൂര്‍ണം സഹായിക്കുന്നു. നെയ്യിന് പകരം മോര്, കഞ്ഞിവെള്ളം, തേന്‍ എന്നിവയിലേതെങ്കിലും ചേര്‍ത്തും കഴിക്കാവുന്നതാണ്. ഉദരകൃമികളെ നശിപ്പിക്കുവാനും കുടലിന്റെ ചലനങ്ങളെ ക്രമീകരിച്ച് വയറ്റില്‍വേദന മുതലായവ ഇല്ലാതാക്കുവാനും അഷ്ടചൂര്‍ണം സഹായിക്കുന്നു.