വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പങ്കും എടിഎം പ്രതിസന്ധിയില്‍

ഗുവാഹത്തി: എടിഎം പ്രതിസന്ധിയുടെ പിടിയില്‍ വിണ്ടും രാജ്യം പൊറുതിമുട്ടുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പങ്കും എടിഎം പ്രതിസന്ധിയുടെ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. ഇവിടങ്ങളിലെ മിക്ക എടിഎമ്മുകളും കാലിയാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായാണ് മുന്നോട്ട് പോകുന്നതെന്ന് സീ ടീവി അടക്കമുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ബിഐയോട് അടിയന്തരമായി വ്യത്യസ്ഥ മൂല്യങ്ങളിലുളള പുതിയ നോട്ടുകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 

കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പ് തെലുങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനമായ രീതിയില്‍ എടിഎം പ്രതിസന്ധി നേരിട്ടിരുന്നു. ഇത്തരം അവസ്ഥകള്‍ താത്കാലികം മാത്രമാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ ഭാഷ്യം. അസ്സാമിലെ ഗുവാഹത്തിയില്‍ പ്രതിസന്ധി രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ പ്രദേശ്, നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലും എടിഎമ്മില്‍ പണമില്ലാത്ത അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.