മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഉടലെടുക്കുന്ന ഓട്ടോമേഷന്‍ നിലവിലുളള തൊഴിലുകള്‍ കൂടി ഇല്ലാതാക്കുന്നു 

ദില്ലി: തൊഴില്‍ സമരങ്ങളില്ല, വേതന പ്രതിസന്ധിയില്ല, ഡ്യൂട്ടി ഷിഫ്റ്റുകളില്ല. നിലവില്‍ വളര്‍ന്നുവരുന്ന നിര്‍മ്മാണ മേഖലയെപ്പറ്റിയാണ് പറഞ്ഞ് വരുന്നത്. ഇത് കേള്‍ക്കുന്ന ഒരാള്‍ക്ക് തോന്നും അതെന്താ, യന്ത്രമനുഷ്യരാണോ ഇവിടെ പണിയെടുക്കുന്നത് ?. നിങ്ങളുടെ മനസ്സില്‍ തോന്നിയ ഈ ചോദ്യത്തിനുളള ഉത്തരം അതെയെന്നാണ്. 

നമ്മുടെ നാട്ടിലും നിര്‍മ്മാണ മേഖല യന്ത്രമനുഷ്യര്‍ കൈയടക്കുകയാണ്. ഇന്ത്യയിലെ വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഓരോ നാല് തൊഴിലാളികള്‍ക്കും ഒരു റോബോര്‍ട്ട് എന്ന തരത്തിലാണ് നിര്‍മ്മാണ ഫാക്ടറികളിലെ തൊഴിലാളി റോബോര്‍ട്ട് വിതരണാനുപാതം. മാരുതി സുസുക്കിയുടെ മാനേശ്വര്‍, ഗാര്‍ഗോണ്‍ ഫാക്ടറികളില്‍ 5000 ത്തോളം റോബാര്‍ട്ടുകള്‍ രാപകലിലല്ലാതെ പണിയെടുക്കുന്നു. ഇത് വരാനിരിക്കുന്ന ഭാവി തൊഴില്‍ സംസ്കാരത്തിന്‍റെ മുന്നോരുക്കമാണ്. 

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം വ്യവസായ പുരോഗതിയും തൊഴില്‍ മേഖലയുടെ വിപുലീകരണവും ഉണ്ടാവുമെന്നാണ് പ്രചാരണമെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് നിലവിലുളള തൊഴിലുകള്‍ കൂടി ഇല്ലാതാവുന്ന അവസ്ഥയാണ്.

ഓട്ടോമേഷനിലൂടെ ലാഭവര്‍ദ്ധനവും ഉല്‍പ്പാദന വര്‍ദ്ധനവുമാണ് വിവിധ കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത്. ചിലവ് കുറയ്ക്കല്‍ മാര്‍ഗ്ഗങ്ങളിലൂടെ മാര്‍ക്കറ്റ് സ്വാധീനവും ഉയര്‍ന്ന വളര്‍ച്ചയും കൈവരിക്കാമെന്ന ചിന്തയാണ് ഇങ്ങനെയൊരു അതിവേഗ ഓട്ടോമേഷനിലേക്ക് കമ്പനികളെ നയിക്കുന്ന വസ്തുത. ടെയോട്ട ഇന്ത്യയും തങ്ങളുടെ കര്‍ണ്ണാടക ഫാക്ടറിയില്‍ ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്ക് നാള്‍ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.