ദില്ലി: ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ തയാറാവണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് റദ്ദാക്കല്‍ നടപടിക്കു പിന്നാലെ, ചെറു നിക്ഷേപങ്ങളിലുണ്ടായ വര്‍ധനയും റീപ്പോ നിരക്കുകളില്‍ മുന്‍കാലങ്ങളില്‍ വരുത്തിയ ഇളവുകളും കണക്കിലെടുക്കുമ്പോള്‍, പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കാനാവുമെന്ന് ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. 

പലിശ നിരക്കുകള്‍ സാധ്യതകള്‍ ആരായണം. ചില മേഖലകളില്‍ പലിശ നിരക്കു കുറച്ചിട്ടുണ്ട്. ഇതേ മാതൃക മറ്റു മേഖലകളിലും സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും പട്ടേല്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിലാണ് ഊര്‍ജീത് പട്ടേല് വായ്പാ പലിശ നിരക്ക് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. 

ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നിയമ, ഭരണതല സംവിധാനത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നു റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. പൂര്‍ത്തിയാക്കാന്‍ ദീര്‍ഘകാലമെടുക്കുന്ന വന്‍കിട പദ്ധതികള്‍ക്കു വായ്പ നല്‍കിയതാണു കിട്ടാക്കടം പെരുകാന്‍ കാരണമെന്ന് ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു.