ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി 48 മണിക്കൂർ പണിമുടക്ക് വെള്ളിയാഴ്ച വരെ ബാങ്ക് ശാഖകൾ 48 മണിക്കൂർ അടഞ്ഞ് കിടക്കും എടിഎമ്മുകളുടെ പ്രവർത്തനം തടസ്സപ്പെടാനും സാധ്യത പണിമുടക്ക് ഇന്‍റർനെറ്റ് ബാങ്കിംഗിനെ ബാധിച്ചില്ല

കൊച്ചി: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം നിശ്ചലം. ബാങ്ക് ശാഖകളൊന്നും തുറന്നിട്ടില്ല. വേതന വർദ്ധന ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക്. പൊതുമേഖല-സ്വകാര്യ ബാങ്കുകളിലെ 10 ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത്.

വെള്ളിയാഴ്ച രാവിലെ വരെ ആറ് മണി വരെയാണ് സമരം. ബാങ്ക് ജീവനക്കാരുടെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുമ്പ് തീർന്നിരുന്നു. തുടർന്ന് ന്യായമായ രീതിയിൽ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനെ സമീപിച്ചു. IBA രണ്ട് ശതമാനം വർദ്ധനവാണ് മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്.

പണിമുടക്ക് ഇന്‍റർനെറ്റ് ബാങ്കിംഗിനെ ബാധിച്ചിട്ടില്ല. എടിഎമ്മുകൾ തുറന്നിട്ടുണ്ടെങ്കിലും വൈകാതെ പണം തീരുമോ എന്ന് ആശങ്കയുണ്ട്. ജീവനക്കാർ സമരത്തിലായതിനാൽ എടിഎമ്മിൽ പണം തീർന്നാൽ വീണ്ടും നിറയ്ക്കാനാകാത്തതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. പണിമുടക്കിന്‍റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരക്കാർ മാർച്ച് നടത്തി.