കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്‌ചവരുത്തുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ പിഴിയുന്നുതിനെതിരേ വന്‍ ആക്ഷേപമാണ്‌ ഉയരുന്നത്‌

മുംബൈ: 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ മിനിമം ബാലന്‍സ്‌ നിലനിര്‍ത്താത്തതിന്‍റെ പേരില്‍ രാജ്യത്തെ ബാങ്ക് അക്കൗണ്ട്‌ ഉടമകളില്‍നിന്നു പിഴയായി ബാങ്കുകള്‍ സമാഹരിച്ചത്‌ 3,551 കോടി രൂപയെന്ന് കണക്കുകള്‍. 2014-15 സാമ്പത്തിക വര്‍ഷം മുതലുള്ള കണക്കു പരിശോധിച്ചാല്‍ പിഴയിനത്തില്‍ മാത്രം ബാങ്കുകള്‍ സമാഹരിച്ചത്‌ 11,500 കോടി രൂപയാണ്‌. 

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്‌ചവരുത്തുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ പിഴിയുന്നുതിനെതിരേ വന്‍ ആക്ഷേപമാണ്‌ ഉയരുന്നത്‌. മിനിമം ബാലന്‍സ്‌ സമ്പ്രദായം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധങ്ങളും ശക്‌തമായിട്ടുണ്ട്‌. എസ്‌.ബി.ഐ. മാത്രം മിനിമം ബാലന്‍സ്‌ നിലനിര്‍ത്തിയില്ലെന്ന വീഴ്‌ചയുടെ പേരില്‍ 2,500 കോടി രൂപയാണു പിഴയായി സമാഹരിച്ചത്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐ.സി.ഐ.സി.ഐ. ബാങ്ക്‌ ഉള്‍പ്പെടെയുള്ള സ്വകാര്യബാങ്കുകള്‍ 600 കോടി രൂപ സമാഹരിച്ചിരുന്നു. അക്കൗണ്ട്‌ പരിപാലന ചെലവാണു പിഴയായി ഇടാക്കുന്നതെന്നാണു ബാങ്കിന്റെ വാദം. 2015 ജൂലൈ ഒന്നിനാണു സേവനങ്ങള്‍ക്ക്‌ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കാന്‍ ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ അനുമതി നല്‍കിയത്‌.