എ.ടി.എം ഇടപാടുകള്‍ക്ക് ഈ മാസം മുതല്‍ ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. ഒരു മാസം മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് സ്ഥലങ്ങളില്‍ അഞ്ചും ഇടപാടുകള്‍ മാത്രമാണ് സൗജന്യമായി നടത്താനാവുന്നത്. അതിന് ശേഷമുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ 20 രൂപ വരെ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. ബാലന്‍സ് പരിശോധന അടക്കം ഇടപാടായി കണക്കാക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ 4500 രൂപ മാത്രമാണ് എ.ടി.എം വഴി പ്രതിദിനം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കാതെ ആവശ്യത്തിനുള്ള പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഉറപ്പ്. ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ കിട്ടണമെങ്കില്‍ തന്നെ അറ് തവണ എ.ടി.എമ്മില്‍ പോകേണ്ടി വരും. അല്ലെങ്കില്‍ ബാങ്കില്‍ പോയി വാങ്ങണം. ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും വന്‍ തിരക്കാണ് ബാങ്കുകളില്‍ അനുഭവപ്പെടുന്നത്.
ഇതിന് പുറമെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഓണ്‍ലൈനായി മറ്റുള്ളവര്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ബാങ്കുകള്‍ നിശ്ചിത തുക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനും കാര്‍ഡ് വഴി കടകളില്‍ നിന്ന് സാധനം വാങ്ങുന്നതിനുമെല്ലാം സര്‍വ്വീസ് ചാര്‍ജ്ജുണ്ട്. ഇന്ധനം നിറയ്ക്കുന്നതിന് കാര്‍ഡ് വഴി പണം നല്‍കിയാല്‍ 0.75 ശതമാനം കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആര്‍ക്കും അത് ലഭിച്ചിട്ടില്ല. എന്നു മാത്രമല്ല അധിക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടാപാടുകള്‍ക്കൊപ്പം ഉപഭോക്താവിന്റെ പണവും ചോര്‍ന്നു പോയിക്കൊണ്ടിരിക്കുമെന്നര്‍ത്ഥം. ബാങ്കുകളെല്ലാം കോര്‍ ബാങ്കിങ് സംവിധാനത്തിലാണെങ്കില്‍ പോലും അക്കൗണ്ടുള്ള ശാഖകളില്‍ അല്ലാതെ മറ്റെവിടെയെങ്കിലും പണം നിക്ഷേപിച്ചാലും സര്‍വ്വീസ് ചാര്‍ജ്ജുണ്ട്. മറ്റ് ചാര്‍ജ്ജുകളേക്കാള്‍ ഉയര്‍ന്ന തുകയാണ് സ്വന്തം അക്കൗണ്ടുകളിലേക്ക് മറ്റൊരു ശാഖയില്‍ നിന്ന് പണം നിക്ഷേപിച്ചാല്‍ ഈടാക്കുന്നത്. കോര്‍ ബാങ്കിങ് സംവിധാനമുള്ള ബാങ്കുകള്‍ക്ക് ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഒരു അധിക പ്രയത്നവും ആവശ്യമില്ലെന്നിരിക്കെ പരസ്യമായി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ബാങ്കുകള്‍. മുമ്പ് അധിക നിരക്കില്ലാതെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴി പണം നിക്ഷേപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു ബാങ്കുകളുടെയും സി.ഡി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
സര്‍വ്വീസ് ചാര്‍ജ്ജുകള്‍ എടുത്തുകളയണമെങ്കില്‍ അതിന് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കൊപ്പമാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ക്യാഷ് ലെസ് ഇടപാടുകള്‍ കീശ ചോര്‍ത്തുമെന്ന് വന്നതോടെ ആളുകള്‍ പഴയ കറന്‍സി ഇടപാടിലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാവാത്ത സാഹചര്യത്തില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമായി മാറും.
