മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നിന് രാജ്യത്തെ ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. സര്‍ക്കാറുമായി ബന്ധപ്പെട്ട നികുതികള്‍ സ്വീകരിക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ അവധി ദിവസങ്ങളിലടക്കം തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് വാര്‍ഷിക ക്ലോസിങ് നടപടികളെ ബാധിക്കുമെന്നതിനാലാണ് ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് ഇന്ന് അറിയിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായും ഭാരതീയ മഹിളാ ബാങ്കുമായുമുള്ള എസ്.ബി.ഐയുടെ ലയനം പ്രാബല്യത്തില്‍ വരുന്നതും ഏപ്രില്‍ ഒന്നിനാണ്. ഈ സാഹചര്യത്തില്‍ ആ ദിവസം ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ബാങ്കുകള്‍ പരാതിപ്പെച്ചിരുന്നു. ഇതും കൂടി പരിഗണിച്ചാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്.