സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബിയറിന്‍റെ 45 ശതമാനവും ഇതര സംസ്ഥാനത്ത് നിന്നാണ് എത്തുന്നത്. 

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ അനുമതി നല്‍കിയത് മൂന്ന് ബിയര്‍ നിര്‍മ്മാണശാലകള്‍ക്ക്. പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ സ്ഥലത്ത് ബ്രൂവറി (ബിയര്‍ നിര്‍മ്മാണശാല) തുടങ്ങാന്‍ നികുതി വകുപ്പ് കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഈ വര്‍ഷം ഇതോടെ ലൈസന്‍സ് ലഭിച്ച ബ്രൂവറികളുടെ എണ്ണം മൂന്നായി.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബിയറിന്‍റെ 45 ശതമാനവും ഇതര സംസ്ഥാനത്ത് നിന്നാണ് എത്തുന്നത്. ഇത് കാരണം സംസ്ഥാനത്തിന് വലിയ തോതില്‍ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ട്. ബ്രൂവറികളില്‍ നിന്ന് ഡ്യൂട്ടി ഇനത്തില്‍ നികുതി വകുപ്പിന് അധിക വരുമാനം ലഭിക്കുകയും ചെയ്യും. 

നിരവധി തൊഴില്‍ അവസരങ്ങള്‍ നേരിട്ടും അല്ലാതെയും സംസ്ഥാനത്തുണ്ടാവുമെന്നാണ് നികുതി വകുപ്പ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 208 ലക്ഷം കെയ്സ് മദ്യവും 115 ലക്ഷം കെയ്സ് ബീയറുമാണ് കേരളം അകത്താക്കിയത്.