Asianet News MalayalamAsianet News Malayalam

കവിതയിൽ തുടങ്ങി, കവിതയിൽ അവസാനിച്ച് തോമസ് ഐസകിന്‍റെ ബജറ്റ് പ്രസംഗം!

'ഇവൾ വെറും പാവയോ' എന്ന ആശാന്‍റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്‍റെ നൂറാം വാർഷികത്തിൽ അഭിവാദനങ്ങളർപ്പിച്ചു ഐസക്. 

budget 2019 thomas issac concluded by kumaranasan lines
Author
Thiruvananthapuram, First Published Jan 31, 2019, 12:51 PM IST

തിരുവനന്തപുരം: ആശാൻ കവിതയിൽ ബജറ്റ് അവതരണം ആരംഭിച്ച ധനമന്ത്രി തോമസ് ഐസക് അവസാനിപ്പിച്ചതും കുമാരനാശാന്‍റെ കവിതയിൽത്തന്നെ. നവോത്ഥാനമൂല്യങ്ങളോടെയല്ലാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകാനാവില്ലെന്ന് പറഞ്ഞ തോമസ് ഐസക്ക് ചട്ടങ്ങളെ മാറ്റാൻ കവിതയിലൂടെ ആഹ്വാനം ചെയ്തു.

'ഇവൾ വെറും പാവയോ' എന്ന ആശാന്‍റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്‍റെ നൂറാം വാർഷികത്തിൽ അഭിവാദനങ്ങളർപ്പിച്ചു ഐസക്. 'നരന് നരൻ അശുദ്ധവസ്തു പോലും' - എന്ന കവിതാശകലത്തിലൂടെ ശബരിമല പ്രതിഷേധങ്ങളെ തോമസ് ഐസക് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 

കേരളം ഒറ്റക്കാലിലല്ല നടക്കാൻ പോവുന്നതെന്നും ആധുനിക വൈജ്ഞാനിക ലോകത്തിന്‍റെ സാധ്യതകൾക്കനുസരിച്ച് അഭ്യസ്ഥവിദ്യരായ കേരളീയ സമൂഹം പെരുമാറണമെന്നും തോമസ് ഐസക്ക് പറഞ്ഞു. കാലം മാറിപ്പോയ് കേവലാചാര നൂലുകളെല്ലാം പഴകിപ്പോയെന്ന ആശാൻ വരികളിലൂടെ സർക്കാരിന്‍റെ നവോത്ഥാന നിലപാടുകൾ ഒന്നു കൂടി ഉറപ്പിച്ചും  'മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' എന്ന പ്രസിദ്ധ ആശാൻ വരികൾ ഉദ്ധരിച്ചുമാണ് തോമസ് ഐസക്ക് ബജറ്റവതരണം അവസാനിപ്പിച്ചത്.

ധനമന്ത്രിയുടെ 2018-ൽ അവതരിപ്പിച്ച ബജറ്റ് കഥകളാലും കവിതകളാലും സമ്പന്നമായിരുന്നു. അന്ന് സ്ത്രീസൗഹൃദ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയുടെ പ്രസംഗത്തിൽ നിറഞ്ഞു നിന്നതാകട്ടെ സ്ത്രീ എഴുത്തുകാരുടെ രചനകളും. 

എന്നാൽ, ഇത്തവണ ആശാൻ കവിതകളിലൂടെയുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കാണ് ധനമന്ത്രി കവിതകളിലൂടെ പ്രാധാന്യം കൊടുത്തത്. ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ, കേരളത്തിന്‍റെ നവോത്ഥാനമുന്നേറ്റങ്ങളെ തകർക്കുന്നതായിരുന്നെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios