തിരുവനന്തപുരം: ലോട്ടറികളുടെ നികുതി നിരക്ക് ഏകീകരിക്കുന്നതിനെതിരെ കോൺഗ്രസ് മന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബജറ്റ് പ്രസംഗത്തിനിടെ നന്ദി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യലോട്ടറികൾക്ക് 28 ശതമാനവുമാണ് ജിഎസ്ടി നിരക്ക്. സംസ്ഥാനം നേരിട്ട് നടത്തുന്ന ലോട്ടറിക്കും 28 ശതമാനം ഏർപ്പെടുത്തി കേരളത്തെ വെട്ടിലാക്കാനായിരുന്നു കേന്ദ്രസർക്കാർ നീക്കം.

ഇതിനെ കേരളം ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശക്തമായി എതി‍ർത്തിരുന്നു. അന്ന് കേരളത്തിന് പിന്തുണയുമായി കോൺഗ്രസ് ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമാണ് എത്തിയത്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ അന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെ കേരളത്തിന് കാര്യങ്ങൾ എളുപ്പമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു തോമസ് ഐസകിന്‍റെ നന്ദിപ്രകടനം.