ട്രായ് കേബിള്‍ ടി.വി താരിഫ് പ്രസിദ്ധീകരിക്കുന്നത് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സ്റ്റാര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ സ്റ്റേ. ഇന്ന് സ്റ്റേ നീക്കിയ ഉടന്‍ 2017 വര്‍ഷത്തേക്കുള്ള പുതിയ താരിഫ് ട്രായ് പുറത്തിറക്കുകയായിരുന്നു. നിലവില്‍ 200 മുതല്‍ 250 രൂപ വരെ ഇഷ്ടമുള്ള നിരക്കാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നത്. ഇതിന് പകരം 100 ചാനലുകള്‍ അടങ്ങിയ പാക്കേജിന് നികുതി ഒഴികെ പരമാവധി 130 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂവെന്ന് ട്രായ് വ്യക്തമാക്കുന്നു. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും ലഭ്യമാക്കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിശ്കര്‍ഷിച്ചിട്ടുള്ള ചാനലുകളെല്ലാം ഇതില്‍ ഉള്‍പ്പെടെയും. 100ന് ശേഷം 25 ചാനലുകള്‍ അടങ്ങിയ സ്ലാബുകളായാണ് മറ്റ് ചാനലുകള്‍ നല്‍കേണ്ടത്. ഒരു സ്ലാബിന് നികുതി ഒഴികെ പരമാവധി 20 രൂപ ഈടാക്കാം. 

പുതിയ ഉത്തരവനുസരിച്ച് ഒരു ചാനലിന്റെ പരമാവധി വില്‍പ്പന വില പ്രതിമാസം 19 രൂപയായിരിക്കും. 19 രൂപയ്ക്ക് മുകളില്‍ ഈടാക്കുന്ന ചാനലുകളൊന്നും പാക്കേജുകളില്‍ ഉള്‍പ്പെടില്ല. പകരം ഇവ പ്രത്യേകം നല്‍കണം. വിലയില്‍ വിവേചനമില്ലാത്ത പുതിയ നിരക്ക് ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്നും ട്രായ് വ്യക്തമാക്കുന്നു. കേബിള്‍ ടി.വി രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്ന പുതിയ ഉത്തരവ് പരമാവധി അഞ്ച് മാസത്തിനുള്ളില്‍ കര്‍ശനമായി നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഡിസ്ട്രിബ്യൂട്ടര്‍ പ്ലാറ്റ്ഫോം ഓപ്പറേറ്റര്‍മാര്‍ക്കാണ് നിരക്ക് നിര്‍ണ്ണയത്തിന്റെ കുത്തക. വിതരണ കമ്പനികള്‍ ചാനലുകളില്‍ നിന്ന് വിലപേശി സംപ്രേക്ഷണ അവകാശം വാങ്ങുകയും ശേഷം ഉപഭോക്താക്കള്‍ക്ക് തോന്നിയ വിലയ്ക്ക് ചാനലുകള്‍ നല്‍കുകയുമാണ് ഇപ്പോഴത്തെ രീതി. ഇതിന് മാറ്റം വരികയാണിപ്പോള്‍. ടെലികോം രംഗത്തെപ്പോലെ കേബിള്‍ ടി.വി നിരക്കുകളും ഇനി ട്രായുടെ നിയന്ത്രണത്തിന് വിധേയമാകും.

ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെങ്കിലും കേബിള്‍, ഡി.ടി.എച്ച് കമ്പനികള്‍ ഇതിനെതിരെ രംഗത്തെത്തുമെന്ന് ഉറപ്പാണ്. നിരക്ക് നിശ്ചയിക്കാനുള്ള ട്രായുടെ അധികാരം ചോദ്യം ചെയ്ത് സ്റ്റാര്‍ ഇന്ത്യയും വിജയ് ടെലിവിഷനും നല്‍കിയിട്ടുള്ള ഹര്‍ജി അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.