വ്യവസായി വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് കമ്പനിയുടെ ഓഫീസിൽ സി.ബി.ഐ പരിശോധന നടത്തി. കമ്പനിയുടെ ബംഗളുരുവിലുള്ള ഓഫീസിലായിരുന്നു റെയ്ഡ്. മല്യ രാജ്യം വിട്ടതിന് ശേഷം യു.ബി. ഗ്രൂപ്പ് നടത്തിയ ഇടപാടുകൾ അന്വേഷണ സംഘം പരിശോധിച്ചുവെന്നാണ് വിവരം. മല്യയുടെ പണമിടപാടുകൾ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. കേസിൽ മല്യക്കെതിരെ കോടതി നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്ത തുക വിജയ് മല്യയില്‍ നിന്നും കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞയാഴ്ച ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള പതിനേഴ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമായിരുന്നു മല്യക്കെതിരെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചത്. ഇതനുസരിച്ച് 6203 കോടി രൂപ, പതിനൊന്ന് ശതമാനം പലിശയടക്കം ബാങ്കുകള്‍ മല്യയില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ രാജ്യം വിട്ടത്.