മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടിക്കാവുന്നതും 250 വാട്സിന് താഴെ ശേഷിയുളളതുമാണ് രജിസ്ട്രേഷന്‍ വേണ്ടത്ത മോഡലുകള്‍

തിരുവനന്തപുരം: രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സുമില്ലാതെ ഓടിക്കാവുന്ന സ്കൂട്ടറുകളുടെ വില കൂടാന്‍ പോകുന്നു. ഇത്തരം സ്കൂട്ടറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സബ്സിഡി പിന്‍വലിച്ചതാണ് ഇവയുടെ വില ഉയരാനുള്ള കാരണം. 

മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടിക്കാവുന്നതും 250 വാട്സിന് താഴെ ശേഷിയുളളതുമാണ് രജിസ്ട്രേഷന്‍ വേണ്ടത്ത മോഡലുകള്‍. ഇവയുടെ സബ്സിഡിയാണ് എടുത്ത് മാറ്റാന്‍ പോകുന്നത്. ഇത് കൂടാതെ ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന മോഡലുകള്‍ക്കും രജിസ്ട്രേഷന്‍ ആവശ്യമില്ല. ഇത്തരം മോഡലുകളുടെയും സബ്സിഡി സര്‍ക്കാര്‍ പിന്‍വലിച്ചു. 

ഇതോടെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന മോഡലുകളുടെ വില ഏകദേശം 7,500 രൂപയോളം ഉയരും. വൈദ്യുത സ്കൂട്ടര്‍ വില്‍പ്പനയില്‍ 90 ശതമാനത്തിലേറെയും ഈ മോഡലുകളാണ്. എന്നാല്‍, രജിസ്ട്രേഷന്‍ വേണ്ടുന്ന മോഡലുകളുടെ സബ്സിഡി തുടരും. ഇവയ്ക്ക് 22,000 രൂപയോളമാണ് സബ്സിഡി. ഇവയില്‍ ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.