തിരുവനന്തപുരം: രാജ്യാന്തര ഡോക്യമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയില്‍ മൂന്ന് ഹ്രസ്വചിത്രങ്ങള്‍ക്ക് കേന്ദ്രം പ്രദര്‍ശന അനുമതി നിഷേധിച്ചു. രോഹിത് വെമൂലയെ കുറിച്ചും ജെ.എന്‍.യു സമരത്തെ കുറിച്ചും കശ്‍മീരിനെ കുറിച്ചുമുള്ള ഹ്രസ്വചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ അഭിപ്രായപ്പെട്ടു.

ഹൈദരാബാദ് സര്‍വകലാശലയില്‍ ജീവനൊടുക്കിയ ദളിത്‌ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ കുറിച്ച് പി.എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത 
'ദ അണ്‍ബെയറബിള്‍ ബിയിംഗ് ഓഫ് ലൈറ്റ്നെസ്‌' കാശ്‍മീര്‍ വിഷയം പ്രതിപാദിക്കുന്ന 'ഇന്‍ ദ ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍' (സംവിധാനം - എന്‍സി ഫാസില്‍, ഷോണ്‍ സെബാസ്റ്റ്യന്‍), മലയാളിയായ കാത്തൂ ലൂക്കോസ് സംവിധാനം ചെയ്ത, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച് എന്നീ ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. രോഹിത് വെമുലയെ കുറിച്ചുള്ള ചിത്രം ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലും മറ്റ് രണ്ട് ചിത്രങ്ങള്‍ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കിയ കേരള ചലചിത്ര അക്കാദമി ഭാരവാഹികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ 16 മുതല്‍ 20 വരെയാണ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍.