2017-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച നഗരങ്ങളില്‍ ചെന്നൈയും മുംബൈയും ഇടംപിടിച്ചു. മാസ്റ്റര്‍ കാര്‍ഡിന്റെ ഗവേഷണറിപ്പോര്‍ട്ടിലാണ് ലോകത്തേറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ചെന്നൈയും ഉള്‍പ്പെട്ടത്. 

മാസ്റ്റര്‍ കാര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 57 ലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരാണ് പോയവര്‍ഷം ചെന്നൈ നഗരത്തിലെത്തിയത്. ആഗോളതലത്തില്‍ 23-ാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്. ഡബ്ലിന്‍ (55.9 ലക്ഷം), മ്യൂണിച്ച് (54 ലക്ഷം),ടൊറന്റോ (53 ലക്ഷം) എന്നീ നഗരങ്ങളേക്കാള്‍ കൂടുതല്‍ പേരാണ് ചെന്നൈയിലെത്തിയത്. 27-ാം സ്ഥാനത്തുള്ള മുംബൈ നഗരത്തില്‍ 5.35 ലക്ഷം വിദേശികളാണ് 2017-ല്‍ എത്തിയത്. 

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയ നഗരം ബാങ്കോംഗ് ആണ്. 2 കോടി സന്ദര്‍ശകര്‍ക്കാണ് ബാങ്കോംഗ് നഗരം പോയ വര്‍ഷം ആതിഥ്യമരുളിയത്. 

ലണ്ടന്‍,പാരീസ്,ദുബായ്, സിംഗപ്പൂര്‍ എന്നീ നഗരങ്ങളാണ് ബാങ്കോംഗ് കഴിഞ്ഞാല്‍ ആഗോളതലത്തില്‍ സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. ലോകത്തെ ഏറ്റവും തിരക്കേറിയ 132 നഗരങ്ങളില്‍ നിന്നാണ് മാസ്റ്റര്‍ കാര്‍ഡ് മുപ്പത് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.