നിപ്പാ വൈറസെന്ന വ്യാജ പ്രചാരണം കോഴി വിൽപ്പനയിൽ വൻ ഇടിവെന്ന് വ്യാപാരികൾ സന്ദേശത്തിന്‍റെ ഉറവിടം തേടി പൊലീസ്
കോഴിയിറച്ചിയിലൂടെ നിപ്പാ വൈറസ് പടരുമെന്ന വ്യാജ സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇറച്ചി വിൽപ്പനയിൽ വൻ ഇടിവ്. 40 ശതമാനത്തിനു മുകളിൽ വിൽപ്പനയിൽ കുറവുണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ കേസ്സെടുത്തെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
നിപ്പാ വൈറസ് കോഴിയിലൂടെ പടരുമെന്ന വ്യാജ സന്ദേശം രണ്ട് ദിവസം മുൻപാണ് വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഡിഎംഒ യുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജ സന്ദേശം.ഇതേ തുടർന്ന് ആളുകൾ കോഴി ഇറച്ചി വാങ്ങാൻ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
കോഴിവിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും വിലയിൽ കുറവുണ്ടായിട്ടില്ല.വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡിഎം.ഒയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ്സെടുത്തു. കോഴി വ്യാപാരികളും ജില്ലാ പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. കൊച്ചിയിൽ നിന്നാണ് സന്ദേശം പ്രചരിച്ചെന്ന് പൊലീസ് അറിയിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ വിളിച്ച് ചോദ്യം ചെയ്തെങ്കിലും ഉറവിടം വ്യക്തമായിട്ടില്ല.നിപ്പാ വൈറസ് സ്ഥിരീകരിക്കപ്പെട്ടത് പഴ വിപണിയെയും നേരത്തെ സാരമായി ബാധിച്ചിരുന്നു.
