വിജയവാഡ: കിശോര്‍ലാല്‍ എന്ന ചോക്കലേറ്റ് കച്ചവടക്കാരന്റെ പ്രതിദിന വരുമാനം പരമാവധി 500 രൂപയൊക്കെയാണ്. വീടുകള്‍ തോറും കയറിയിറങ്ങി മിഠായി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് അദ്ദേഹം കുടുംബത്തോടൊപ്പം ജീവിച്ചുപോകുന്നത്. ചോക്കലേറ്റുകള്‍ സൂക്ഷിച്ചുവെയ്‌ക്കാന്‍ ഒരു മുറിയുണ്ടെന്നല്ലാതെ ഒരു കട പോലും അദ്ദേഹത്തിന് സ്വന്തമായില്ല. വലിയ കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്നതിനിടെ കഴിഞ്ഞയാഴ്ച ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കൈയ്യില്‍ കിട്ടിയപ്പോഴാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.

തന്റെ ബാങ്ക് അക്കൗണ്ടില്‍ കോടികളുടെ പണമിടപാടുകള്‍ പതിവായി നടക്കുന്നുവെന്നും അതിന്റെ ഉറവിടം വ്യക്തമാക്കണമെന്നുമായിരുന്നു ആദായ നികുതി വകുപ്പ് അധികൃതരുടെ ആവശ്യം. സംഗതി എന്താണെന്ന് പിടികിട്ടാതെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം ശരിക്കും ഞെട്ടി. 18,14,98,815 രൂപയുണ്ട് അതില്‍. കിശോര്‍ലാല്‍ ബാങ്ക് അക്കൗണ്ട് തുറന്നത് തന്നെ ഈ അടുത്ത കാലത്താണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ശ്രീ രേണുകാമാത മള്‍ട്ടിസ്റ്റേറ്റ് കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് അടുത്തിടെ വിജയവാഡയില്‍ ഒരു ശാഖ തുറന്നപ്പോള്‍ സുഹൃത്തുക്കളായ മറ്റ് കച്ചവടക്കാര്‍ക്കൊപ്പം അദ്ദേഹവും പോയി ഒരു അക്കൗണ്ട് തുറക്കുകയായിരുന്നു. അധികം വൈകാതെ തന്നെ മുംബൈയില്‍ നിന്നുള്ള ചില സംശയകരമായ ഇടപാടുകള്‍ ആ അക്കൗണ്ടില്‍ നടക്കുന്നുവെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. 

എന്താണ് സംഭവിച്ചതെന്ന് തനിക്കും പിടികിട്ടിയില്ലെന്ന് കിശോര്‍ലാല്‍ ആദായ നികുതി വകുപ്പ് അധികൃതരെയും അറിയിച്ചു. താന്‍ അക്കൗണ്ടില്‍ കാര്യമായ ഇടപാടൊന്നും നടത്തിയിട്ടില്ല. പണം ആരാണ് ഇടുന്നതെന്നോ എടുക്കുന്നതെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ബാങ്ക് അധികൃതര്‍ക്ക് നേരെയാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുമ്പോഴെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് കിശോര്‍ ലാലിന്റെ പ്രതീക്ഷ.