സര്‍ക്കാറിന്റെ നീരയും മറ്റ് ചെറുകിട കമ്പനികളും തോറ്റ് മടങ്ങിയ വിപണി പിടിക്കാനാണ് ശീതളപാനീയ രംഗത്തെ ബഹുരാഷ്ട്ര ഭീമനായ കൊക്കകോളയുടെ ശ്രമം. സീകോ അന്ന ബ്രാന്റിലാണ് കരിക്കിന്‍ വെള്ളം ഇന്ത്യയിലെത്തിക്കാന്‍ കൊക്കകോളം പദ്ധതിയിടുന്നത്. 2004 മുതല്‍ തന്നെ അമേരിക്കന്‍ വിപണിയില്‍ സീകോ ശക്തമാണ്. കുപ്പിയിലാക്കി നല്‍കുന്നതാവട്ടെ കരിക്കിന്‍ വെള്ളവും. തീര്‍ത്തും പ്രകൃതിദത്തമെന്ന് അവകാശപ്പെടുന്ന സീകോ കരിക്കിന്‍ വെള്ളം, ചോക്ലേറ്റ്, മാംഗോ, പൈനാപ്പിള്‍ തുടങ്ങിയ രുചികളില്‍ ലഭ്യമാണ്. 2004ല്‍ സ്വതന്ത്ര കമ്പനിയായി തുടങ്ങിയ സീകോയെ 2013ലാണ് കൊക്കകോള ഏറ്റെടുക്കുകയായിരുന്നു. 

ഇന്ത്യയില്‍ കോക് ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ സീകോയെ പ്രകൃതിദത്ത പാനീയമായി അവതരിപ്പിച്ച് വിപണിയില്‍ ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് കൊക്കകോളയുടെ നീക്കം. എന്നാല്‍ സീകോയുടെ ഇന്ത്യയിലെ വരവ് സംബന്ധിച്ച് ഇതുവരെ കമ്പനി ഔദ്ദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. രാജ്യത്തെ തെരഞ്ഞെടുത്ത രണ്ട് വിപണികളിലാവും സീകോ ആദ്യം അവതരിപ്പിക്കുക. ഇതിന്റെ വിലയുടെ കാര്യത്തിലാവും കൊക്കകോള പ്രതിസന്ധി നേരിടാന്‍ പോകുന്നത്. അമേരിക്കന്‍ വിപണിയില്‍ ഒരു ലിറ്റര്‍ സീകോയ്ക്ക് 1250 ഇന്ത്യന്‍ രൂപയ്ക്ക് സമാനമായ വിലയുണ്ട്.