സംസ്ഥാനത്ത് വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത വെളിച്ചെണ്ണയ്ക്കും വില ഇടിവ് നേരിടുകയാണ്. ലിറ്ററിന് ഇപ്പോള്‍ 170 രൂപ മുതല്‍ 190 രൂപ വരെയാണ് നിലവിലെ നിരക്ക്.
തിരുവനന്തപുരം: വെളിച്ചെണ്ണ വിലയില്‍ ഇടിവ് തുടരുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്‍റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. ലിറ്ററിന് 260 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ നിരക്ക് ലിറ്ററിന് 205 രൂപയാണ്. ഇതോടെ കേര വെളിച്ചെണ്ണയുടെ വില്‍പ്പന കൂടിയതായാണ് കേരഫെഡിന്‍റെ അവകാശവാദം. വില കുറഞ്ഞതോടെ മാസം ആയിരം ടണ്ണിലേറെയായി വില്‍പ്പന.
സംസ്ഥാനത്ത് വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത വെളിച്ചെണ്ണയ്ക്കും വില ഇടിവ് നേരിടുകയാണ്. ലിറ്ററിന് ഇപ്പോള്‍ 170 രൂപ മുതല്‍ 190 രൂപ വരെയാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ വിലകുറഞ്ഞതും, കയറ്റുമതിയില്‍ അടുത്തകാലത്തായി ഇടിവ് നേരിട്ടതും വിലക്കുറവിന് ഇടയാക്കി. ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ബ്രാന്‍ഡുകളെ കര്‍ശന പരിശോധനയിലൂടെ നിയന്ത്രിക്കാനായതും കേരളത്തില്‍ വെളിച്ചെണ്ണയുടെ വില കുറയാനിടയാക്കി.
കൊപ്ര വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വെളിച്ചെണ്ണ വില കൂടുകയും കുറയുകയും ചെയ്യുന്നതാണ് പൊതുവേയുളള രീതി. അടുത്ത മാസത്തോടെ ശബരിമല സീസണ്‍ ആരംഭിക്കുന്നതിനാല്‍ തേങ്ങയ്ക്ക് ആവശ്യകത വര്‍ദ്ധിക്കുമെന്നതിനാല്‍ ഇനി എണ്ണവില താഴേക്ക് പോകാന്‍ സാധ്യത ഇല്ലയെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
എന്നാല്‍, സംസ്ഥാനത്ത് വില്‍പ്പന തുടരുന്ന ചില ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് ഇപ്പോഴും ലിറ്ററിന് 250 രൂപയ്ക്ക് അടുത്താണ് വിപണി വില. കൊപ്രയില്‍ നിന്നല്ലാതെ പച്ചത്തേങ്ങയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഉരുക്ക് വെളിച്ചെണ്ണയുടെ വില ഇതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ലിറ്ററിന് 300 രൂപയില്‍ ഏറെയാണ് ഉരുക്ക് വെളിച്ചെണ്ണയുടെ വില.
