നിലവില്‍ റഷ്യയുടെ ആകെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വളരെ കുറവാണ്. ഈ വിടവ് നികത്തി വ്യാപാരക്കമ്മി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
റഷ്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ നീക്കം. എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, കാര്‍ഷിക വിഭവങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങി മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ റഷ്യന്‍ വിപണിയിലേക്ക് കൂടുതലായി എത്തിക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10,000 കോടി ഡോളറില്‍ (ഏകദേശം 8.4 ലക്ഷം കോടി രൂപ) എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ റഷ്യയുടെ ആകെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വളരെ കുറവാണ്. ഈ വിടവ് നികത്തി വ്യാപാരക്കമ്മി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യയ്ക്ക് വലിയ സാധ്യതകളുള്ള മേഖലകള്‍ ഇവയാണ്:
എന്‍ജിനീയറിങ് മേഖല: റഷ്യയ്ക്ക് ഈ മേഖലയില്‍ 270 കോടി ഡോളറിന്റെ ആവശ്യമുണ്ടെങ്കിലും ഇന്ത്യ നിലവില്‍ നല്‍കുന്നത് വെറും 9 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ്.
മരുന്ന് വിപണി : 970 കോടി ഡോളറിന്റെ മരുന്നുകളാണ് റഷ്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ വെറും 54.6 കോടി ഡോളര്‍ മാത്രമാണ് ഇന്ത്യയുടെ പങ്ക്. ജനറിക് മരുന്നുകള്‍ക്കും മരുന്നു നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കും വലിയ സാധ്യതയുണ്ട്.
കാര്‍ഷിക മേഖല: 390 കോടി ഡോളറിന്റെ സാധ്യതയുള്ള ഈ മേഖലയില്‍ ഇന്ത്യ ഇപ്പോള്‍ കയറ്റി അയയ്ക്കുന്നത് 45.2 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്.
രാസവസ്തുക്കള്‍: 206 കോടി ഡോളര്‍ മൂല്യമുള്ള വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം 13.5 കോടി ഡോളറില്‍ ഒതുങ്ങുന്നു.
എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പത്തിരട്ടിയിലധികമാണ് വര്‍ധിച്ചത്. 2020-ല്‍ 594 കോടി ഡോളറായിരുന്നത് 2024-ല്‍ 6,424 കോടി ഡോളറിലെത്തി. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 21 ശതമാനവും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്. വളം, ഭക്ഷ്യ എണ്ണ എന്നിവയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
തൊഴിലധിഷ്ഠിത മേഖലകള്‍ക്കും ഊന്നല്‍
വന്‍കിട വ്യവസായങ്ങള്‍ക്കു പുറമെ വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകളിലും ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ റഷ്യ ശ്രമിക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരമാണ് തുറന്നു നല്‍കുന്നത്.


