സംസ്ഥാനത്തെ നോട്ട് ക്ഷാമത്തിന് കാരണം നോട്ട് അച്ചടിയില്‍ വന്ന കുറവെന്ന് സൂചന. നിലവില്‍ പ്രതിദിനം 11 കോടി നോട്ടുകളാണ് റിസര്‍വ് ബാങ്ക് അച്ചടിക്കുന്നത്. നോട്ടസാധുവാക്കിലിന് പിന്നാലെ പ്രതിദിന അച്ചടി 15 കോടിയായി ഉയര്‍ത്തിയിരുന്നു.

ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം റിസര്‍വ് നീക്കിയതിന് ശേഷം ഒരു മാസത്തിനുള്ളിലാണ് നോട്ട് ദൗര്‍ലഭ്യം രാജ്യത്തെ വീണ്ടും പിടികൂടിയിരിക്കുന്നത്. പ്രധാനമായും 500, 100 രൂപാ നോട്ടുകള്‍ക്കാണ് ക്ഷാമം. നവംബര്‍ എട്ടിന് നടന്ന നോട്ട് സാധുവാക്കലിന് ശേഷം നോട്ട് ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പ്രസുകളിലെ അച്ചടി പ്രതിദിനം 15 കോടി നോട്ടുകളായി ഉയര്‍ത്തിയിരുന്നു. പ്രസിലെ ജീവനക്കാര്‍ 12 മണിക്കൂര്‍ വീതം ജോലി ചെയ്താണ് കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചത്. എന്നാല്‍ ജോലിക്കാര്‍ സാധാരണ ഷിഫ്റ്റുകളിലേക്ക് മടങ്ങിയതോടെ അച്ചടി കുറഞ്ഞു. നിലവില്‍ 11 കോടി നോട്ടുകള്‍ മാത്രമാണ് അച്ചടിക്കാനാവുന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം ചെലവ് കൂടിയതും നോട്ട് ക്ഷാമത്തിന് വഴിച്ചു.

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വിപണിയില്‍ നോട്ട് കൈമാറ്റത്തിന് പ്രചാരം കൂടിയതും പ്രതിസന്ധി രൂക്ഷമാക്കി. എ.ടി.എമ്മില്‍ നിറയ്‌ക്കാന്‍ ആവശ്യത്തിന് പണം ലഭിക്കില്ലെന്ന് എ.ടി.എം ഓപ്പറേറ്റര്‍മാരും ബാങ്കുകളെ അറിയിച്ചു. നവംബര്‍ എട്ടിന് ശേഷം 500 രൂപയുടെ 700 കോടി പുതിയ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നോട്ട് സാധുവാലിന് മുമ്പത്തെ സ്ഥിതിയിലെത്തണമെങ്കില്‍ 1000 കോടി പുതിയ നോട്ടുകള്‍ അച്ചടിക്കണം. ഇതിന് പത്ത് മാസം കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.