നോട്ട് അസാധുവാക്കലിന്‍റെ പ്രതിഫലനം രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ പ്രകടമായി തുടങ്ങി. മൂന്നാംപാദത്തിൽ ജിഡിപി വളർച്ച ഏഴ് ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം 7.1% സാമ്പത്തിക വളർച്ചയാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.


രാണ്ടാംപാദത്തിൽ രാജ്യം കൈവരിച്ചത് 7.4 ശതമാനം സാമ്പത്തിക വളർച്ച. എന്നാൽ ഒക്ടോബർ- ഡിസംബർ പാദത്തിൽ ഇത് ഏഴ് ശതമാനമായി കുറഞ്ഞു. നവംബർ എട്ടിനെത്തിയ നോട്ട് അസാധുവാക്കലാണ് ജിഡിപി വളർ‍ച്ചയെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ വ‍ർഷം മൂന്നാംപാദത്തിൽ 7.2 ശതമാനമായിരുന്നു ‍ജി‍ഡിപി നിരക്ക്. നോട്ടസാധുവാക്കലിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലും കോർപ്പറേറ്റ് നിക്ഷേപങ്ങളിലും വന്ന കുറവാണ് സാമ്പത്തിക വളർ‍ച്ച കുറയാൻ കാരണം. എന്നാൽ പ്രതീക്ഷിച്ച തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച അനുമാനവും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുനർനിർണയിച്ചു. 7.1 ശതമാനം വളർച്ചയാണ് ഈ വർഷം കേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാൽ 2017- 18ൽ 7.3, 2018- 19ൽ 7.7 ശതമാനം വളർച്ചയും രാജ്യം നേടുമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു. നോട്ട് അസാധുവാക്കൽ രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ ചലനമുണ്ടാക്കിയതിനെ തുടർന്ന് ജിഡിപി വളർച്ച കുറയുമെന്ന് നേരത്തെ റിസർവ് ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും വ്യക്തമാക്കിയിരുന്നു.