Asianet News MalayalamAsianet News Malayalam

നോട്ട് അസാധുവാക്കൽ: കണക്കില്ലെന്ന് വീണ്ടും റിസര്‍വ് ബാങ്ക്

demonetization in india
Author
First Published Jul 12, 2017, 6:01 PM IST

ദില്ലി: നോട്ട് അസാധുവാക്കലിനു ശേഷം എത്ര പണം ബാങ്കുകളിൽ തിരിച്ചെത്തിയെന്ന കണക്ക് വെളിപ്പെടുത്താതെ റിസർവ്വ് ബാങ്ക് വീണ്ടും ഒഴിഞ്ഞു മാറി. കണക്കുകൾ ലഭ്യമല്ലെന്ന് റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജിത് പട്ടേൽ  പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തെ അറിയിച്ചു. 
ഇന്ത്യയുടെ റിസർവ്വ് ബാങ്ക് എണ്ണിക്കൊണ്ടേയിരിക്കുകയാണ്. ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ അസാധുവാക്കിയ ശേഷം എത്ര നോട്ട് തിരിച്ചെത്തി എന്ന കണക്ക് വെളിപ്പെടുത്താതെ റിസർവ്വ് ബാങ്ക് വീണ്ടും ഒഴിഞ്ഞുമാറി. 

നോട്ടുകൾ മാറ്റിയെടുക്കാൻ പൊതുവായി പ്രധാനമന്ത്രി തന്റെ നവംബർ എട്ട് പ്രഖ്യാപനത്തിൽ നല്കിയ സമയപരിധി ഡിസംബർ 31 ആയിരുന്നു. ഏഴു മാസവും പന്ത്രണ്ട് ദിവസവു പിന്നിടുമ്പോഴാണ് എണ്ണി തീർന്നിട്ടില്ലെന്നും കണക്കു ലഭ്യമല്ലെന്നും ഗവർണ്ണർ ഊർജിത് പട്ടേൽ പറയുന്നത്. വീരപ്പമൊയ്ലി അദ്ധ്യക്ഷനായ പാർലമെന്റിനെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുമ്പാകെയാണ് ഊർജിത് പട്ടേൽ ഈ നിലപാട് അറിയിച്ചത്. മുൻപ്രധാനമന്ത്രി മൻമോഹൻസിംഗും ഇന്നത്തെ സമിതി യോഗത്തിൽ പങ്കെടുത്തു.

എത്ര രൂപയുടെ നോട്ടുകൾ തിരിച്ചെത്തി എന്നതുൾപ്പടെ നാല് ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്ന് മുമ്പ് സമിതി ഊർജിത് പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ 17ലക്ഷത്തി 70000 കോടി രൂപയുടെ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. പുതിയ 2000 രൂപയുടെയും 500 രൂപയുടെയും ആവശ്യത്തിന് നോട്ടുകൾ അച്ചടിച്ചെന്നും ഇപ്പോൾ 15 ലക്ഷത്തി നാല്പതിനായിരം കോടി രൂപയുടെ നോട്ടുകൾ ലഭ്യമാണെന്നും ഊർജിത് പട്ടേൽ അറിയിച്ചു. 

പോസ്റ്റാഫീസുകളും സഹകരണ ബാങ്കുകളും തിരിച്ചു വന്ന എല്ലാ നോട്ടുകളും റിസർവ്വ് ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്നും നേപ്പാളിൽ നിന്നുള്ള നോട്ടുകൾ തിരിച്ചെത്താനുണ്ടെന്നും റിസർവ്വ് ബാങ്ക് ഗവർണ്ണർ പറയുന്നു. ഫലത്തിൽ കണക്കറിയാൻ ഇനിയും ഒരുവർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് ഗവർണ്ണർ നല്കുന്നത്. 

 

Follow Us:
Download App:
  • android
  • ios