ആമസോണിന്‍റെ മുഖ്യ എതിരാളികളായ ഫ്ലിപ്പ്കാര്‍ട്ട് അവരുടെ സ്വാതന്ത്രദിനാഘോഷത്തിന്‍റെ ഭാഗമായുളള ഓഫര്‍ വില്‍പ്പന ആഗസ്റ്റ് 10 മുതലാണ് ആരംഭിക്കുക

സ്വാതന്ത്ര ദിനാഘോഷം പ്രമാണിച്ച് പ്രമുഖ ഇ- കൊമേഴ്സ് കമ്പനികളെല്ലാം ഓഫര്‍ പെരുമഴയുമായി കളത്തിലിറങ്ങിയിരിക്കുകയാണ്. രാജ്യത്തിന്‍റെ 72 മത് സ്വാതന്ത്രദിനാഘോഷം ഒരു ഷോപ്പിങ് ഉത്സവം കൂടിയാക്കാനുളള തയ്യാറെടുപ്പിലാണ് അവര്‍. ഫ്ലിപ്പ്കാര്‍ട്ട്, അവരുടെ ഉപസ്ഥാപനമായ മിന്ത്ര, ആമസോണ്‍, പേടിഎം മാള്‍, തുടങ്ങിയ ഇ- കൊമേഴ്സ് ഭീമന്മാരെല്ലാം സജീവമായി രംഗത്തുണ്ട്.

'ആമസോണ്‍ ഫ്രീഡം സെയില്‍' എന്നാണ് ആമസോണ്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചുളള ഷോപ്പിങ് ഉത്സവത്തിന് നല്‍കിയിരിക്കുന്ന പേര്. 

സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ തുടങ്ങിയ നീണ്ട നിര ഉല്‍പ്പന്നങ്ങളെ അണിനിരത്തികൊണ്ട് ആമസോണ്‍ ഫ്രീഡം സെയിലിനൊരുങ്ങുന്നു. 20,000 ത്തോളം ഡീലുകളാവും സെയിലിനുണ്ടാവുക. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 ന് അര്‍ധരാത്രി 11.59 മണിവരെ നീളുന്നതാണ് ഫ്രീഡം സെയില്‍.

ഫ്രീഡം സെയിലില്‍ ഏകദേശം 2500 ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാവും വില്‍പ്പനയ്ക്കുണ്ടാവുക. 200 ല്‍ അധിക കാറ്റഗറികളിലായാണ് ഇവയെ ആമസോണ്‍ വില്‍പ്പന നടത്തുന്നത്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇളവുകളും പ്രഖ്യാപിച്ചാണ് ആമസോണ്‍ വില്‍പ്പന.

വണ്‍ പ്ലസ്, വിവോ, സാംസംഗ്, ഓണര്‍, പ്രസ്റ്റീജ്, എല്‍ജി, ബജാജ്, ജെബിഎല്‍ സോണി, ആമസോണ്‍ ഇക്കോ ഡിവൈസുകള്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തും. രാജ്യത്തിന്‍റെ 72 മത് സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ആമസോണ്‍ ഫ്രീഡം സെയില്‍ നടത്തുന്നത്.

ആമസോണിന്‍റെ മുഖ്യ എതിരാളികളായ ഫ്ലിപ്പ്കാര്‍ട്ട് അവരുടെ സ്വാതന്ത്രദിനാഘോഷത്തിന്‍റെ ഭാഗമായുളള ഓഫര്‍ വില്‍പ്പന ഓഗസ്റ്റ് 10 മുതലാണ് ആരംഭിക്കുക. 'ദി ബിഗ് ഫ്രീഡം സെയില്‍' എന്നാണ് ഓഫര്‍ കാലത്തിന് ഫ്ലിപ്പ് നല്‍കിയിരിക്കുന്ന പേര്. ഓഗസ്റ്റ് 10 ന് ആരംഭിക്കുന്ന വില്‍പ്പന 12 വരെ നീണ്ടുനില്‍ക്കും.

സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകള്‍ ഫ്ലിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ടിവി, ഹോം അപ്ലൈസസ് തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാപ്പ്ടോപ്പ്, ഓഡിയോ ഡിവൈസുകള്‍, ക്യാമറ തുടങ്ങിയവയ്ക്ക് 80 ശതമാനത്തിന്‍റെ ഞെട്ടിക്കുന്ന ഓഫറുകളാണ് അവര്‍ ബിഗ് ഫ്രീഡം സെയിലൂടെ നല്‍കുക. റഷ് കമിംങ് അവര്‍, ബ്ലോക്ക് ബെസ്റ്റര്‍, പ്രീമിയം ഇലക്ട്രോണിക്സ്, വിഷ് നൗ തുടങ്ങിയ നിരവധി ഡീലുകളാണ് ഉപഭോക്താക്കള്‍ക്കായി ഫ്ലിപ്പ്കാര്‍ട്ട് ഇ- കൊമേഴ്സ് ലോകത്ത് ഇനിയുളള മണിക്കൂറുകളില്‍ ഒരുക്കിയിരിക്കുന്നത്.

പ്യൂമ, നൈക്കി, യുഎസ് പോളോ, ജാക്ക് ജോണ്‍സ് തുടങ്ങിയ നിരവധി ലോകോത്തര ബ്രാന്‍ഡുകളെ അണിനിരത്തിക്കൊണ്ടാണ് ഫ്ലിപ്പിന്‍റെ ഉപ സ്ഥാപനമായ മിന്ത്ര സ്വാതന്ത്രദിനം സ്പെഷ്യല്‍ ഓഫര്‍ സെയില്‍ വില്‍പ്പന സംഘടിപ്പിക്കുന്നത്. 'റൈറ്റ് ഫാഷന്‍ സെയില്‍' എന്നാണ് മിന്ത്ര ഇതിന് നല്‍കിയിരിക്കുന്ന പേര്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 വരെയാണ് വില്‍പ്പന സംഘടിപ്പിച്ചിരിക്കുന്നത്.

ഫ്രീഡം ക്യാഷ്ബാക്ക് സെയില്‍ എന്ന പേരിലാണ് പേടിഎം മാള്‍ സ്വാതന്ത്രദിനഘോഷവുമായി ബന്ധപ്പെട്ട ഓഫര്‍ കാലം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഏട്ട് മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ഓഫര്‍ വില്‍പ്പനക്കാലം ഓണ്‍ലൈന്‍- ഓഫ്‍ലൈന്‍ ചാനലിലൂടെ നടത്തിക്കൊണ്ടിരിക്കുകയാണ് പേടിഎം മാള്‍. 

72 മത് സ്വാതന്ത്രദിനാഘോഷനാളുകള്‍ ഇ- കൊമേഴ്സ് രംഗത്ത് വലിയ തരംഗമാവുമെന്ന് തന്നെയാണ് കമ്പനികളുടെ പ്രതീക്ഷകള്‍. ഇ- കൊമേഴ്സ് രംഗത്ത് നടപ്പാക്കിയിട്ടുളള ഓഫറുകള്‍ വലിയ വില്‍പ്പനയാണ് കമ്പനികള്‍ക്ക് എല്ലാക്കാലവും നല്‍കിയിട്ടുളളത്. ഈ വില്‍പ്പന ചരിത്രത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് അവര്‍ പുതിയ ഓഫര്‍ കാലം പ്രഖ്യാപിച്ചിരിക്കുന്നതും.