ദില്ലി: ചരക്ക് സേവന നികുതി പ്രബല്യത്തില്‍ വന്നതിന് ശേഷം ഹോട്ടലുകള്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാറും ആവശ്യപ്പെട്ടു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ഹോട്ടലുടമകളുടെ സംഘടന തള്ളിക്കളഞ്ഞിരുന്നു. ജി.എസ്.ടിയില്‍ ഹോട്ടലുകള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനാല്‍ അതിന്റ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് കേന്ദ്ര റവന്യൂ സെക്രട്ടറി ഹശ്‍മുഖ് അദിയ പറഞ്ഞത്.
ഹോട്ടലുകളില്‍ എല്ലാ സാധനങ്ങളുടെയും വില കൂട്ടിയ ശേഷം മുന്‍പ് ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ്ജ് കുറച്ച ശേഷമാണ് ജി.എസ്.ടി കണക്കാക്കേണ്ടത്. എന്നാല്‍ മദ്യത്തിന് പഴയത് പോലെ വാറ്റ് ഈടാക്കും. നേരത്തേതില്‍ നിന്ന് വ്യത്യസ്ഥമായി വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുമെന്നതിനാല്‍ ഹോട്ടലുകളില്‍ ബില്‍ തുക സ്വാഭാവികമായി കുറയേണ്ടതാണെന്നും അദ്ദേഹം കേന്ദ്ര റവന്യൂ സെക്രട്ടറി പറഞ്ഞു. 75 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള എ.സിയില്ലാത്ത ഹോട്ടലുകള്‍ 12 ശതമാനവും എ.സി ഉള്ള ഹോട്ടലുകള്‍ 18 ശതമാനവുമാണ് ചരക്ക് സേവന നികുതി ഈടാക്കുന്നത്.
