സര്‍വീസുകളുടെ ശേഷി വിനിയോഗത്തില്‍ സ്പൈസ് ജെറ്റാണ് ഏറ്റവും മുന്നില്‍. ഓഗസ്റ്റ് മാസത്തില്‍ കമ്പനിയുടെ 92.4 ശതമാനം സീറ്റുകളും നിറഞ്ഞു. 

മുംബൈ: രാജ്യത്ത് നിരവധി വ്യവസായങ്ങള്‍ പ്രതിസന്ധിയില്‍ തുടരുമ്പോഴും വളര്‍ച്ച നേടി ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല. ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ ഓഗസ്റ്റില്‍ 3.87 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് വിമാനക്കമ്പനികള്‍ കൈവരിച്ചത്. ടിക്കറ്റ് നിരക്കുകളിലുണ്ടായ കുറവാണ് വര്‍ധനയ്ക്ക് പ്രധാന പങ്കുവഹിച്ചത്. 

2018 ഓഗസ്റ്റില്‍ 11.35 മില്യണ്‍ യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം അത് 11.79 മില്യണായി ഉയര്‍ന്നു. ജെറ്റ് എയര്‍വേസിന്‍റെ പ്രവര്‍ത്തനം നിലച്ചതും വിവിധ എയര്‍ലൈന്‍ കമ്പനികള്‍ തങ്ങളുടെ ഫ്ലീറ്റിന് ഉപയോഗിച്ചിരുന്ന ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതും ഇന്ത്യന്‍ വ്യോമയാന വ്യവസായത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. 

എന്നാല്‍, ഓഗസ്റ്റിലേക്ക് എത്തിയതോടെ വന്‍ തിരിച്ചുവരവാണ് വിമാനക്കമ്പനികള്‍ നടത്തിയിരിക്കുന്നത്. ആകെ ഉപഭോക്താക്കളില്‍ 47 ശതമാനം വിപണി വിഹിതത്തോടെ ഇന്‍ഡിഗോ ഓഗസ്റ്റ് മാസത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. 15.5 ശതമാനം വിപണി വിഹിതവുമായി സ്പൈസ് ജെറ്റ് രണ്ടാം സ്ഥാനവും 12.8 ശതമാനത്തോടെ എയര്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുമുണ്ട്. സമയക്രമം പാലിക്കുന്നതില്‍ ഗോ എയറാണ് ഒന്നാം സ്ഥാനത്ത്. കമ്പനിയുടെ 85.1 ശതമാനം ഫ്ലൈറ്റുകളുടെ കൃത്യമായ സമയക്രമം പാലിച്ചു. ക‍ൃത്യനിഷ്ഠയുടെ കാര്യത്തില്‍ എയര്‍ ഏഷ്യ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. എയര്‍ ഏഷ്യയുടെ 82.7 ശതമാനം ഫ്ലൈറ്റുകളുടെ സമയക്രമം പാലിച്ചു. 

സര്‍വീസുകളുടെ ശേഷി വിനിയോഗത്തില്‍ സ്പൈസ് ജെറ്റാണ് ഏറ്റവും മുന്നില്‍. ഓഗസ്റ്റ് മാസത്തില്‍ കമ്പനിയുടെ 92.4 ശതമാനം സീറ്റുകളും നിറഞ്ഞു. സീറ്റ് ഒക്കുപ്പന്‍സിയുടെ കാര്യത്തില്‍ 87.8 ശതമാനം വിനിയോഗത്തോടെ എയര്‍ ഏഷ്യ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.