റബര്‍ ബോര്‍ഡ് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന തുകയും 150 രൂപയും തമ്മിലുളള വ്യത്യാസം കര്‍ഷകന് ധനസഹായമായി നല്‍കുന്ന റബര്‍ വില സ്ഥിരത പദ്ധതിയിലേക്കുളള (റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്‍റീവ് സ്കീം) പുതിയ രജിസ്ട്രേഷന്‍ ഇപ്പോള്‍ സ്വീകരിക്കും. രജിസ്ട്രേഷന്‍ പുതുക്കുന്ന നടപടികള്‍ക്കും തുടക്കമായി.

പുതിയതായി രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമാകാം. റബര്‍ വില സ്ഥിരതാ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന് ജൂലൈ ഒന്നിന് തുടക്കം കുറിച്ചു. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ 2019 ജൂലൈ ഒന്ന് മുതലുളള ബില്ലുകള്‍ സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കും. നിലവില്‍ പദ്ധതിയുടെ ഭാഗമായവര്‍ രജിസ്ട്രേഷന്‍ പുതുക്കുകയും വേണം. രജിസ്ട്രേഷന്‍ പുതുക്കിയാല്‍ മാത്രമേ സബ്സിഡി ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കൂ.

 

2019- 20 വര്‍ഷത്തെ ഭൂനികുതി ഒടുക്കിയ രസീത് റബര്‍ ഉല്‍പാദക സഹകരണ സംഘത്തില്‍ (ആര്‍പിഎസ്) നല്‍കി രജിസ്ട്രേഷന്‍ പുതുക്കാം. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. 

റബര്‍ കര്‍ഷകരെ വന്‍ വിലയിടിവില്‍ നിന്ന് രക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ 2015 ജൂലൈ ഒന്നിന് റബര്‍ വില സ്ഥിരതാ പദ്ധതി തുടങ്ങിയത്. റബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.