ദില്ലി: മൊത്ത വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പത്തില്‍ രാജ്യത്ത് വലിയ ഇടിവ് രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ മൊത്ത വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 2.02 ശതമാനമാണ്. 23 മാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്.

മെയ് മാസത്തില്‍ പണപ്പെരുപ്പം 2.45 ശതമാനമായിരുന്നു. 2017 ജൂലൈയില്‍ രേഖപ്പെടുത്തിയ 1.88 ശതമാനത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 5.68 ശതമാനമായിരുന്നു മൊത്ത വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പ നിരക്ക്. 

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 6.99 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 6.98 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഭക്ഷ്യവസ്തുക്കളില്‍ ഉള്ളിയുടെ മൊത്ത വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പത്തില്‍ വര്‍ധനവുണ്ടായി. മെയ് മാസത്തില്‍ 15.89 ശതമാനമായിരുന്ന നിരക്ക് ജൂണ്‍ ആയപ്പോള്‍ 16.63 ശതമാനമായി ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ധനനയ അവലോകന തീരുമാനങ്ങളെടുക്കാന്‍ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കാണ് പരിഗണിക്കാറുളളത്.