തിരുവനന്തപുരം: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ആര്‍ബിഐ ഷെഡ്യൂള്‍ഡ് ബാങ്ക് പദവി നല്‍കി. ഇതോടെ കേരളം ആസ്ഥാനമായ സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ എണ്ണം അഞ്ചായി. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയാണ് സംസ്ഥനത്തെ മറ്റ് ഷെഡ്യൂള്‍ഡ് ലൈസന്‍സുളള ബാങ്കുകള്‍.

നിലവില്‍ 135 ശാഖകളും 400 ല്‍ ഏറെ കേന്ദ്രങ്ങളില്‍ സാന്നിധ്യവും ഉളള ഇസാഫിന് രണ്ട് വര്‍ഷം മുന്‍പാണ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് ലഭിച്ചത്. ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായാണ് (എന്‍ബിഎഫ്സി) ധനകാര്യ മേഖലയിലേക്ക് ഇസാഫ് ചുവടുവെച്ചത്. 

സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ ബാങ്ക് 24 കോടി രൂപയുടെ അറ്റാദായം നേടുകയുണ്ടായി. രണ്ട് വര്‍ഷത്തിനകം ആദ്യ പൊതു ഓഹരി വില്‍പന (ഐപിഒ) ലക്ഷ്യമിടുന്ന ബാങ്കിന്‍റെ ഇപ്പോഴത്തെ ബിസിനസ് 7,930 കോടി രൂപയാണ്. 

ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചതോടെ   റിസര്‍വ് ബാങ്കില്‍ നിന്ന് ദീര്‍ഘകാല വായ്പ, ക്ലിയറിങ് ഹൗസ് അംഗത്വം, കറന്‍സി ചെസ്റ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ ഇസാഫിന് ലഭിക്കും.  ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചതോടെ നിക്ഷേപകര്‍ക്ക് ബാങ്കില്‍ വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും.