വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ ലാഭത്തില്‍ മൂന്നിരട്ടി വര്‍ധന. പരസ്യ വരുമാനത്തിലെ കുതിപ്പാണ് ലാഭം ഇത്ര ഉയരാന്‍ കാരണം. പരസ്യ വരുമാനത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായത്. പ്രവര്‍ത്തനഫലം പുറത്തുവന്നതോടെ ഫേസ്ബുക്ക് ഓഹരികളില്‍ വന്‍ കുതിപ്പുമുണ്ടായി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. മാര്‍ച്ച് 31ലെ കണക്കു പ്രകാരം 1.65 ബില്യണ്‍ ആളുകളാണ് പ്രതിമാസം ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഓരോ ഉപയോക്താവില്‍നിന്നു ശരാശരി പ്രതിവര്‍ഷം 3.32 ഡോളര്‍ പരസ്യ വരുമാനത്തിലൂടെ കമ്പനിക്കു ലഭിക്കുന്നുമുണ്ട്. ഇതാണ് ലാഭം കുതിച്ചു കയറാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2016ലെ ആദ്യ മൂന്നു മാസം 150 കോടി ഡോളറിന്റെ ലാഭം ഫേസ്ബുക്ക് നേടി. മുന്‍ വര്‍ഷം ഇഥ് 51.2 കോടി ഡോളറായിരുന്നു. മൊത്ത വരുമാനം 3.54 ബില്യണ്‍ ഡോളറില്‍നിന്ന് 5.38 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൊബൈല്‍ വരുമാനമാണ് ഇതിന്റെ 82 ശതമാനവും.
ഫേസ്ബുക്ക് ലൈവ് അടക്കം പുതുതായി കൊണ്ടുവന്ന ഫീച്ചറുകളാണ് സോഷ്യല്‍ മീഡിയ രംഗത്ത് കമ്പനിയുടെ മേധാവിത്വം അരക്കിട്ടുറപ്പിച്ചത്.
