കീറിയ നോട്ട് ഏതു ബാങ്കിലും മാറാം
കീറിയ നോട്ടുകള്‍ രാജ്യത്തെ ഏതു ബാങ്കില്‍നിന്നും മാറ്റി വാങ്ങാനാകുമെന്നാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമം. നിരന്തരമായ ഉപയോഗംമൂലം മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ രാജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ തുടങ്ങി എവിടെ നല്‍കിയാലും മാറ്റിക്കിട്ടും. ഇതിനു പ്രത്യേക ഫോമോ സ്ലിപ്പോ ഒന്നും പൂരിപ്പിച്ചു നല്‍കേണ്ടതില്ല.

തീര്‍ത്തും വികൃതമായ നോട്ടുകളാണെങ്കില്‍ അവയുടെ മൂല്യം സംബന്ധിച്ചു ബാങ്ക് മാനെജര്‍ക്കു തീരുമാനമെടുക്കാമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കീറിയ നോട്ടുകള്‍ മാറ്റിക്കിട്ടുമെന്ന ബോര്‍ഡ് ബാങ്കുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നോട്ട് മാറ്റി നല്‍കാന്‍ തയാറായില്ലെങ്കില്‍ ബ്രാഞ്ച് മാനെജര്‍ക്ക് പരാതി നല്‍കുകയും ചെയ്യാം. നോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അതു തുന്നിക്കെട്ടിയും സ്റ്റേപ്പിള്‍ ചെയ്തും നോട്ടുമാലയടക്കമുള്ളവ ഉണ്ടാക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

വികൃതമാക്കിയ നോട്ടുകള്‍ മാറ്റിക്കിട്ടില്ല
മനഃപൂര്‍വം കീറിയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിവാങ്ങാനാവില്ല. മനഃപൂര്‍വം കീറിയ നോട്ടുകള്‍ മാറ്റിനല്‍കരുതെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് മാനേജരാണു കീറിയ നോട്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്. കീറിയ നോട്ടിന്റെ പാതി നല്‍കിയെന്നു കരുതുക. അതിന്റെ പാതി മൂല്യം നിശ്ചയിച്ചു നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക് അധികാരമുണ്ട്. അതായത് 100 രൂപയുടെ കീറിയ നോട്ടിന്റെ പാതി നല്‍കിയാല്‍ 50 രൂപ മൂല്യം നിശ്ചയിച്ചു പുതിയ നോട്ട് നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്കു സ്വാതന്ത്ര്യമുണ്ട്.