തിരുവനന്തപുരം: ജി.എസ്.ടി നിലവില്‍ വരുന്നതോടെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്കിലും മാറ്റം വരും. 100 രൂപയ്‌ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനം നികുതിയും 100 രൂപയ്‌ക്കും അതിനു താഴെയുമുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനം നികുതിയും അടയ്‌ക്കണമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ അറിയിച്ചു. 

ഇതിനോടൊപ്പം ഓരോ ടിക്കറ്റിലും സര്‍വീസ് ചാര്‍ജ്ജായി ഈടാക്കുന്ന രണ്ട് രൂപയ്‌ക്കും സാംസ്‌കാരിക ക്ഷേമനിധി സെസ് തുകയായ മൂന്ന് രൂപയ്‌ക്കും നികുതികള്‍ ബാധകമാണ്. അതുകൊണ്ടു തന്നെ തിയേറ്റര്‍ പ്രവേശന നിരക്കില്‍നോടൊപ്പം സെസും സര്‍വീസ് ചാര്‍ജ്ജും ഉള്‍പ്പെടുത്തിയതിനു ശേഷമായിരിക്കും നികുതി നിരക്ക് നിശ്ചയിക്കുന്നത്. തീയറ്ററുകളിലെ റിസര്‍വേഷന്‍ ചാര്‍ജ്ജ്, ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് ജി.എസ്.റ്റി കൗണ്‍സിലിനോട് ആരാഞ്ഞിട്ടുണ്ട്. ഇതില്‍ തീരുമാനം വരുന്നതു വരെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ റിസര്‍വേഷന്‍ ഉണ്ടാവില്ലെന്നും കെ.എസ്.എഫ്.ഡി.സി അറിയിച്ചിട്ടുണ്ട്.