ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയാൽ കമ്പനി സ്ഥാപകൻ സച്ചിൻ ബൻസാൽ ഫ്ലിപ്കാർട്ട് വിട്ടേക്കുമെന്ന് സൂചന

ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയാൽ കമ്പനി സ്ഥാപകൻ സച്ചിൻ ബൻസാൽ ഫ്ലിപ്കാർട്ട് വിട്ടേക്കുമെന്ന് സൂചന. സച്ചിൻ ബൻസാലിന്‍റെ കയ്യിലുള്ള ഓഹരികളും വാൾമാർട്ട് വാങ്ങിയേക്കും. ഒരാഴ്ചക്കുള്ളിൽ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണയിൽ എത്തിയേക്കും. ബിന്നി ബൻസാലുമൊത്ത് 2007ൽ തുടക്കമിട്ട ഫ്ലിപ്കാർട്ടിന്‍റെ ദീർഘകാല സിഇഒയായിരുന്നു സച്ചിൻ ബൻസാൽ. 

സച്ചിനെ ഒഴിവാക്കിയാലും ബിന്നി ബൻസാലിനെയും സിഇഒ കല്യാൺ കൃഷ്ണമൂർത്തിയെയും വാൾമാർട്ട് നിലനിർത്തിയേക്കുമെന്നാണ് സൂചന. അതേസമയം ഇക്കാര്യങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇരുകന്പനികളും തയ്യാറായിട്ടില്ല. കമ്പനി വിട്ടാൽ സച്ചിൻ പുതിയ സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് ആമസോൺ പിന്മാറിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. വാൾമാർട്ടിനേക്കാൾ 200 കോടി ഡോളർ അധികം ആമസോൺ വാഗ്ദാനം ചെയ്തിട്ടുണ്ട്.