സംസ്ഥാനത്ത് ശബരിമലയുമായി ബന്ധപ്പെട്ട ഹർത്താലുകളും,അക്രമസംഭവങ്ങളും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് വന്നതിനെ തുടർന്നായിരുന്നു സർക്കാരുകൾ നിർദ്ദേശം നൽകിയത്. ഇത് പിന്നാലെ വിദേശസഞ്ചാരികൾ കേരളത്തിലേക്കുള്ള ബുക്കിംഗ് പിൻവലിക്കാൻ തുടങ്ങിയെന്ന് ടൂറിസം സംരംഭകർ 

തിരുവനന്തപുരം: കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അമേരിക്ക ബ്രിട്ടൻ സൗദി തുടങ്ങിയ രാജ്യങ്ങൾ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ ആശങ്കയിലാണ് ടൂറിസം മേഖല. സംസ്ഥാനത്ത് ശബരിമലയുമായി ബന്ധപ്പെട്ട ഹർത്താലുകളും,അക്രമസംഭവങ്ങളും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് വന്നതിനെ തുടർന്നായിരുന്നു സർക്കാരുകൾ നിർദ്ദേശം നൽകിയത്. ഇത് പിന്നാലെ വിദേശസഞ്ചാരികൾ കേരളത്തിലേക്കുള്ള ബുക്കിംഗ് പിൻവലിക്കാൻ തുടങ്ങിയെന്ന് ടൂറിസം സംരംഭകർ പറയുന്നു

കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട എന്നല്ല, കരുതലെടുക്കണമെന്നാണ് നിര്‍ദേശം. അക്രമം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുത്. മൂന്ന് രാജ്യങ്ങൾ പുറപ്പെടുവിച്ച ജാഗ്രതാനിർദ്ദേശത്തിൽ പറയുന്നത് ഇപ്രകാരമാണ്. എന്നാൽ ഹർത്താലുകളും, തുടർച്ചയായ അക്രമസംഭവങ്ങളും സംസ്ഥാനത്ത് കലാപമെന്ന പ്രതീതിയാണ് അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കിയത്. ഇതോടെ ഹോട്ടലുകളിലും,ഹോം സ്റ്റേകളിലും യാത്രക്കാരും ട്രാവൽ ഏജൻസികളും നടത്തിയ ബുക്കിംഗുകൾ പിൻവലിച്ച് തുടങ്ങി. വിദേശ ആഭ്യന്ത സഞ്ചാരികൾ ഏറ്റവും കൂടുതലെത്തുന്ന ജനുവരി മാസത്തിൽ സംഭവിച്ച ഈ അപ്രതീക്ഷിത നടപടി ടൂറിസം മേഖലക്ക് വലിയ തിരിച്ചടിയായി. യൂറോപ്പിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വിദേശസഞ്ചാരികളെത്തുന്നത്. ബ്രിട്ടൻ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളെയും ബാധിച്ചുവെന്ന് ടൂറിസം സംഘടനകൾ പറയുന്നു.

34,000 കോടി രൂപയുടെ വരുമാനമാണ് 2017ൽ സംസ്ഥാനത്തിന് ടൂറിസം മേഖലയിൽ നിന്ന് ലഭിച്ചത്. നിപയും, പ്രളയവും,ഹർത്താലും വലച്ച 2018 ലെ കണക്കുകൾ പുറത്ത് വരാനിരിക്കുന്നതെയുള്ളൂ. 2018 ആദ്യ പാദം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനവ് ഉണ്ടായതിനാൽ വാർഷികവരുമാനത്തെ മെയ് മാസം മുതൽ സംഭവിച്ച പ്രതിസന്ധി ബാധിക്കില്ലെന്നാണ് പ്രതീക്ഷകൾ. 

കേരളത്തിന്‍റെ പ്രളയാനന്തര തിരിച്ച് വരവിന് ഊർജ്ജം പകരാൻ കഴിഞ്ഞ സെപ്റ്റംബറിൽ കേരള ട്രാവൽ മാർട്ട് സംഘടിപ്പിച്ച മേളയിൽ 66 രാജ്യങ്ങളിൽ നിന്നായി 545 വിദേശ ടൂറിസം സംരഭകരാണ് പങ്കെടുത്തത്.1090 ആഭ്യന്തരസംരഭകരും. ഈ രീതിയിൽ പ്രളയശേഷം കേരളത്തിലേക്ക് എത്തിച്ച സഞ്ചാരികൾ പോലും അടുത്തകാലത്തെ സംഭവവികാസങ്ങളെ തുടർന്ന് പിന്മാറുകയാണ്.അതിനാൽ 2019 ആദ്യ മാസത്തിൽ സീസണിലെ ഏറ്റവും മികച്ച സമയത്ത് തന്നെയുണ്ടായ തിരിച്ചടിയിൽ വലിയ അമ്പരപ്പിലാണ് ടൂറിസം മേഖല.